വയനാട് ഡിസിസി ട്രഷററുടെ മരണം: വി.ഡി. സതീശൻ തിങ്കളാഴ്ച എൻ.എം. വിജയൻ്റെ ബന്ധുക്കളെ കാണും

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നാളെ രാവിലെ 10 മണിയോടെ എൻ. എം. വിജയൻ്റെ വീട്ടിലെത്തും
വയനാട് ഡിസിസി ട്രഷററുടെ മരണം: വി.ഡി. സതീശൻ തിങ്കളാഴ്ച എൻ.എം. വിജയൻ്റെ ബന്ധുക്കളെ കാണും
Published on


വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ വീട് സന്ദർശിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവ് തിങ്കളാഴ്ച വിജയൻ്റെ വീട്ടിലെത്തുമെന്നാണ് സൂചന. ഐഎൻടിയുസിയുടെ കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനത്തിന് ശേഷമാകും വി.ഡി. സതീശൻ എൻ.എം വിജയൻ്റെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുക. നേരത്തെ ആത്മഹത്യകുറിപ്പുമായി എത്തിയപ്പോൾ,  എൻ.എം. വിജയൻ്റെ മകനോട് സതീശൻ മോശമായി സംസാരിച്ചു എന്ന ആരോപണം ഉയർന്നിരുന്നു.


ജനുവരി 15ന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്ന പക്ഷം മാത്രം ജില്ലയില്‍ എത്തിയാല്‍ മതിയെന്നാണ് എന്‍.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിച്ചേർക്കപ്പെട്ട ഐ.സി. ബാലകൃഷ്ണന് പാര്‍ട്ടി നൽകുന്ന നിര്‍ദേശം. നിയമന വിവാദത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ നല്‍കിയ ശുപാര്‍ശ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. ശുപാര്‍ശ നല്‍കിയെന്ന കാര്യം ആദ്യം വിസമ്മതിച്ച എംഎല്‍എ കത്ത് പുറത്തുവന്നതോടെ താന്‍ പറഞ്ഞത് തിരുത്തി രംഗത്തെത്തിയിരുന്നു.

എന്നാൽ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ ആത്മഹത്യയിൽ കോൺഗ്രസ് നേതാക്കളായ എൻ.ഡി. അപ്പച്ചനും ഐ.സി. ബാലകൃഷ്ണനും ഒളിവിലെന്ന വാർത്ത നിഷേധിച്ചിരിക്കുകയാണ് ടി. സിദ്ധിഖ് എംഎൽഎ. ആരും ഒളിവിലല്ല, പാർട്ടി കമ്മീഷൻ രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും ടി. സിദ്ധിഖ് പറഞ്ഞു. എൻ.ഡി. അപ്പച്ചനെ ഡിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും മാറ്റാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും ടി. സിദ്ധിഖ് പറഞ്ഞു.


അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നാളെ രാവിലെ 10 മണിയോടെ എൻ. എം. വിജയൻ്റെ വീട്ടിലെത്തും. വിജയൻ്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുൾപ്പെടെ പ്രതിചേർക്കപ്പെട്ട സാഹചര്യത്തിൽ, സിപിഎം പ്രതിപക്ഷത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com