കാവി ഉടുത്തവരെല്ലാം ആർഎസ്എസ് അല്ല, സനാതന ധർമം ചാതുർവർണ്യമെന്ന് പറയുന്നത് തെറ്റ്: വി.ഡി. സതീശൻ

മുഖ്യമന്ത്രിയും സിപിഎമ്മും ചേർന്ന് സനാതന ധർമത്തെ സംഘപരിവാറിന് കൊടുക്കുന്നുവെന്നും വി.ഡി. സതീശൻ ആരോപിച്ചു
കാവി ഉടുത്തവരെല്ലാം ആർഎസ്എസ് അല്ല, സനാതന ധർമം ചാതുർവർണ്യമെന്ന് പറയുന്നത് തെറ്റ്: വി.ഡി. സതീശൻ
Published on



സനാതന ധർമം പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സനാതന ധർമം അശ്ലീലമെന്ന് പറഞ്ഞത് എം.വി. ഗോവിന്ദൻ്റെ അജ്ഞതയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമർശനം. മുഖ്യമന്ത്രിയും സിപിഎമ്മും ചേർന്ന് സനാതന ധർമത്തെ സംഘപരിവാറിന് കൊടുക്കുന്നുവെന്നും വി.ഡി. സതീശൻ ആരോപിച്ചു.

കാവി ഉടുത്തവരെല്ലാം ആർഎസ്എസ് അല്ലെന്ന വാദമാണ് വി.ഡി. സതീശൻ ഉയർത്തിയത്. മുഖ്യമന്ത്രി അഭിപ്രായം പറയുന്നതിൽ തെറ്റില്ല. എന്നാൽ സനാതന ധർമം ചാതുർവർണ്യം എന്ന് പറയുന്നത് തെറ്റാണ്. ക്ഷേത്ര ദർശനത്തിന് ഷർട്ട് ധരിക്കണോ എന്നതിൽ പൊതുചർച്ച വേണ്ടെന്നും അതാത് സമുദായങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കണമെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.


രമേശ് ചെന്നിത്തല എൻഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയുയർന്ന വിവാദത്തിലും പ്രതിപക്ഷ നേതാവ് മറുപടി നൽകി. എല്ലാ നേതാക്കന്മാരോടും എല്ലാ സമുദായ നേതാക്കന്മാരോടും നല്ല ബന്ധം സ്ഥാപിക്കാനാണ് പറഞ്ഞിട്ടുള്ളത്. തന്നെ മാർത്തോമ സഭ ഇന്ന് റാന്നിയിൽ പരിപാടിക്ക് വിളിച്ചെന്നും, അതൊരു അംഗീകാരമായി കാണുന്നെന്നും സതീശൻ പറഞ്ഞു. നാളെ ഓർത്തഡോക്സ് സഭയുടെ പരിപാടിയിൽ മുഖ്യാതിഥിയാണ്. ഇതുപോലെ തന്നെയാണ് രമേശ് ചെന്നിത്തലയെ എൻഎസ്എസ് വിളിച്ചത്. മുൻ പ്രതിപക്ഷ നേതാവായ ചെന്നിത്തല ഉറപ്പായും മുനമ്പത്ത് പോകണമെന്നും സതീശൻ പറഞ്ഞു.

മാധ്യമങ്ങൾക്ക് വിശ്വാസ്യത വേണമെന്ന അഭിപ്രായവും വി.ഡി. സതീശൻ ഉയർത്തി. പി.വി. അൻവർ യുഡിഎഫിലേക്കെത്തുന്നു എന്ന് ഒരു സ്ഥാപനം ബിഗ് ബ്രേക്കിങ് നൽകിയ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിൻ്റെ മാധ്യമങ്ങൾക്ക് നേരെയുള്ള വിമർശനം. യുഡിഎഫ് എടുക്കേണ്ട തീരുമാനം മാധ്യമങ്ങൾ സ്വന്തമായി എടുക്കുന്നു. പി.വി. അൻവർ പാർട്ടിയിലെക്കെത്തിയെന്ന് യുഡിഎഫ് ചെയർമാനായ താൻ അറിഞ്ഞിട്ടില്ല. ചെയർമാൻ അറിയാതെ വാർത്ത നൽകിയ സ്ഥാപനമാണ് അൻവറിനെ യുഡിഎഫിൽ എടുത്തതെന്നും സതീശൻ പരിഹസിച്ചു.


പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു മന്ത്രി  സജി ചെറിയാൻ്റെ പുകവലി പരാമർശത്തിലെ വി.ഡി. സതീശൻ്റെ പ്രതികരണം. നാട്ടിൽ ലഹരി ഉപയോഗം കൂടുന്നുണ്ട്. എല്ലാ വീടുകളുടെയും കുട്ടികളെയും സൂക്ഷിക്കേണ്ട കാലമാണിത്. വിഷയത്തിൽ മാതാപിതാക്കളെ ക്രൂശിക്കാൻ ഇല്ലെങ്കിലും ഇത്തരം തെറ്റുകളെ ന്യായീകരിക്കാൻ കഴിയില്ലെന്നും സതീശൻ വ്യക്തമാക്കി.

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ മൃദംഗനാദം നൃത്ത പരിപാടിയില്‍ ജിസിഡിഎയ്ക്ക് വീഴ്ച പറ്റിയതായി സതീശൻ പറയുന്നു. ജിസിഡിഎ എഞ്ചിനീയറിങ് വിഭാഗം സ്റ്റേഡിയം കൃത്യമായി പരിശോധിച്ചില്ല. കേരളം മുഴുവൻ സുരക്ഷാവീഴ്ചയെ കുറിച്ച് ചർച്ച ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം കായികമേളാ വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് വി.ഡി. സതീശൻ നടത്തിയത്. ഇത് സ്റ്റാലിൻ്റെ റഷ്യയല്ലെന്ന കഴിഞ്ഞ ദിവസത്തെ പ്രസ്താവന പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. പ്രതിഷേധിക്കാൻ പാടില്ലെന്ന് പറയാൻ ഇത് സ്റ്റാലിൻ്റെ റഷ്യ അല്ല. ഏറ്റവും കൂടുതൽ പ്രതിഷേധം സംഘടിപ്പിച്ച ആളാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി. കുട്ടികൾ അവരുടെ വികാരം പ്രകടിപ്പിച്ചതാണെന്നും അവരെ പങ്കെടുപ്പിക്കപ്പെടുപ്പിക്കില്ല എന്നു പറയുന്നത് ശരിയല്ലെന്നും സതീശൻ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com