ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത മുഖ്യമന്ത്രി ചരിത്രത്തെ വളച്ചൊടിച്ച് 'സ്റ്റഡി ക്ലാസ്' എടുക്കുന്നു: വി.ഡി. സതീശൻ

സിപിഎം - ബിജെപി ബന്ധത്തെ മുൻനിർത്തി പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു
ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത മുഖ്യമന്ത്രി ചരിത്രത്തെ വളച്ചൊടിച്ച് 'സ്റ്റഡി ക്ലാസ്' എടുക്കുന്നു: വി.ഡി. സതീശൻ
Published on



ആർഎസ്എസ് - സിപിഎം ബന്ധത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ മറുപടി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എഡിജിപി അജിത് കുമാർ എന്നിവർക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം - ബിജെപി ബന്ധത്തെ മുൻനിർത്തി പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിക്ക് നേരെ ഏഴ് ചോദ്യങ്ങളായിരുന്നു പ്രതിപക്ഷം ഉയർത്തിയത്. 

"പിണറായി വിജയനും സിപിഎമ്മിനും ആര്‍എസ്എസുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. പ്രകാശ് ജാവദേദ്ക്കറെ കണ്ടതിന്റെ പേരിലല്ലേ ഇ.പി. ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്? അങ്ങനെയെങ്കില്‍ കേരളത്തിലെ ബിജെപി ചുമതലയുള്ള പ്രഭാരിയായ ജാവദേദ്ക്കറെ നാലും അഞ്ചും തവണ കണ്ടെന്നു പരസ്യമായി സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയനെയല്ലേ ആദ്യം പുറത്താക്കേണ്ടിയിരുന്നത്? ആര്‍എസ്എസ് നേതാക്കളെ നിരന്തരം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ സംരക്ഷിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്?" വി.ഡി. സതീശൻ ചോദിച്ചു.


ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം - ബിജെപി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.  സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് സിപിഎം ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കിയതിനു പകരമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചത്. 

"ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലെത്തി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതും മുഖ്യമന്ത്രി പിണറായി വിജയനാണ്. സിപിഎം - ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ശ്രീ എമ്മിന് പിണറായി വിജയന്‍ തന്നെയല്ലേ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്. ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി നിയമസഭയില്‍ ചോദിച്ചിട്ടും മറുപടി ഇല്ലാതെ കുനിഞ്ഞ് ഇരിക്കുകയായിരുന്നു. മാത്രമല്ല, തൃശൂര്‍ പൂരം കലക്കി ബിജെപിയെ തൃശൂരില്‍ ജയിപ്പിച്ച് പിണറായി വിജയന്‍ വാക്ക് പാലിച്ചതോടെ കരുവന്നൂരിലെ ഇഡി അന്വേഷണവും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണവുമൊക്കെ മരവിച്ചില്ലേ?" വി.ഡി. സതീശൻ ആഞ്ഞടിച്ചു. 


ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിയില്‍ വി.ഡി. സതീശൻ പങ്കെടുത്തതിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്തക പ്രകാശന വേദിയില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും പങ്കെടുത്തിട്ടുണ്ട്. അതിന്റെ ചിത്രങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. 2013 ല്‍ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരന്‍ എഴുതിയ 'സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും' എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് അച്യുതാനന്ദന്‍ പങ്കെടുത്തത്. ചടങ്ങില്‍ പി. പരമേശ്വരനും ഉണ്ടായിരുന്നു. ഇതേ പുസ്തകം പല ജില്ലകളിലും പ്രകാശനം ചെയ്തിരുന്നു. അതിന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ്, മാതൃഭൂമി മാനേജിംഗ് ഡയറക്ടറായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ക്ഷണ പ്രകാരം പങ്കെടുത്തത്.  വിവേകാനന്ദന്‍ ഹിന്ദുവിനെ കുറിച്ച് പറഞ്ഞതും സംഘപരിവാര്‍ മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വവും രണ്ടാണെന്നാണ് അന്നത്തെ പ്രസംഗത്തില്‍ പറഞ്ഞതെന്നായിരുന്നു വി.ഡി. സതീശൻ്റെ വാദം. 

തലശേരി കലാപവുമായി ബന്ധപ്പെട്ട കെട്ടുകഥ പി.ടി. തോമസ് നിയമസഭയില്‍ പൊളിച്ചടുക്കിയതാണ്. പി.ടിയുടെ പ്രസംഗം ഇപ്പോഴും സഭാ രേഖയിലുണ്ട്. കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തിലിന്റെ റിപ്പോര്‍ട്ടിലോ 1972 ഫെബ്രുവരി 22 ന് പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലോ കുഞ്ഞിരാമന്റെ പേരു പോലും ഉണ്ടായിരുന്നില്ല. സത്യം ഇതായിരിക്കെ തലശേരി കലാപത്തെ ഉപയോഗിച്ച് സിപിഎം ആരെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്?


ബിജെപിയെയും ആര്‍എസ്എസിനെയും ഇന്ത്യയില്‍ പ്രതിരോധിക്കുന്നത് കോണ്‍ഗ്രസാണ്. അതിന്റെ നേതൃസ്ഥാനത്തുള്ള രാഹുല്‍ ഗാന്ധിയെ, ബിജെപിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി നിരന്തരം അപമാനിച്ച ആളാണ് പിണറായി വിജയനും കേരളത്തിലെ സിപിഎമ്മും. സംഘപരിവാറിന് എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ടെന്നും അത് ഇനി കേരളത്തിലെ സിപിഎമ്മിനും വേണ്ടി വരുമെന്ന് തോന്നുന്നില്ലെന്നും വി.ഡി. സതീശൻ പറയുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com