
2024-ല്‍ സംവിധായകന്‍ പാ രഞ്ജിത്തിന്റെ 'തങ്കലാന്‍' എന്ന ചിത്രത്തിന് ശേഷം ചിയാന്‍ വിക്രം 'വീര ധീര സൂര'നുമായി തിരിച്ചെത്തുന്നു. മാര്‍ച്ച് 27 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയിലര്‍ റിലീസും വ്യാഴാഴ്ച ചെന്നൈയില്‍ നടന്നു. ചടങ്ങില്‍ സംസാരിച്ച സംവിധായകനും നടനുമായ എസ് ജെ സൂര്യ , വിക്രമുമായുള്ള തന്റെ ആദ്യ കോമ്പിനേഷന്‍ കൂടിയായതിനാല്‍ ഈ ചിത്രത്തെക്കുറിച്ച് താന്‍ വളരെ ആവേശത്തിലാണെന്ന് പ്രേക്ഷകരോട് പറഞ്ഞു.
'വീര ധീര സൂരന്‍ ഒരു സാധാരണ എസ് യു അരുണ്‍ കുമാര്‍ ചിത്രമാണ്. അദ്ദേഹം മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ വലിയ ആരാധകനാണ്. തമിഴ് ഭാഷയില്‍ നിര്‍മിച്ച ഹോളിവുഡ് ലെവല്‍ ചിത്രമാണിത്. ചിയാന്‍ വിക്രമിനൊപ്പം ഞാന്‍ ആദ്യമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം വളരെ കഴിവുള്ള ഒരു നടനും താരവുമാണ്. അദ്ദേഹം തമിഴ് ചലച്ചിത്രമേഖലയുടെ അഭിമാനമാണ്', എന്നാണ് എസ്.ജെ സൂര്യ പറഞ്ഞത്.
സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍, സിദ്ദിഖ്, തെലുങ്ക് നടന്‍ പൃഥ്വി രാജ്, രമേഷ് ഇന്ദിര, പാവല്‍ നവഗീതന്‍, തുടങ്ങിയവരാണ് വീര ധീര സൂരനില്‍ അണിനിരക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതവും തേനി ഈശ്വര്‍ ഛായാഗ്രഹണവും പ്രസന്ന ജി കെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മാതാവ് ഷിബു തമീന്‍സിന്റെ മകള്‍ റിയ ഷിബുവാണ് വിക്രം നായകനായ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഒരു ആക്ഷന്‍ ത്രില്ലറാണ് വീര ധീര സൂരന്‍. രണ്ടാം ഭാഗമാണ് മാര്‍ച്ച് 27 ന് റിലീസ് ചെയ്യുന്നത്. അതേസമയം പ്രീക്വല്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.