
മലയാറ്റൂർ ഡ്യൂട്ടിക്കിടയിൽ പൊലീസുകാരന്റെ ദേഹത്ത് വാഹനം ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കടന്ന് കളഞ്ഞ വാഹനം പൊലീസ് കണ്ടെത്തി. കോതമംഗലത്ത് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പിക്കപ്പ് വാൻ ഉണ്ടായിരുന്നത്. അപകടത്തിനുശേഷം നിർത്താതെ പോയ വാഹനത്തെക്കുറിച്ച് സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്ന് ലഭിച്ച സൂചനകളിലൂടെയാണ് കണ്ടെത്തിയത്.
അപകടത്തിൽ വാഹനത്തിന്റെ ഹെഡ്ലൈറ്റ് ചില്ലുകൾ പൊട്ടി പോയിരുന്നു. സ്ഥലത്തുനിന്നും ലഭിച്ച ഹെഡ് ലൈറ്റിന്റെ ചില്ല് കഷണങ്ങൾ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിൽ വാഹനം കോതമംഗലം ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. വാഹനം ഓടിച്ചയാൾ ഒളിവിലാണ്. പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്.
പരിക്കുപറ്റിയ പൊലീസ് ഉദ്യോഗസ്ഥനായ നിഥിൻ ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. നിഥിന് രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. കേരള സായുധ സേനയിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അപകടത്തിൽ പരിക്കേറ്റ നിഥിൻ. മലയാറ്റൂരിൽ വെച്ച് വഴിയിലൂടെ നടന്ന് പോകുന്ന നിഥിനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് വാഹനം നിർത്താൻ തയ്യാറാകാതെ ഇയാൾ കടന്ന് കളയുകയായിരുന്നു.