പഞ്ചായത്ത് സെക്രട്ടറിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു; വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീകണ്ഠൻ അറസ്റ്റിൽ

സംഭവത്തിൽ ശ്രീകണ്ഠൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നെങ്കിലും വിധിക്ക് കാത്ത് നിൽക്കാതെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
പഞ്ചായത്ത് സെക്രട്ടറിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു; വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീകണ്ഠൻ അറസ്റ്റിൽ
Published on


പഞ്ചായത്ത് സെക്രട്ടറിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന പരാതിയിൽ തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അറസ്റ്റിൽ. കോൺഗ്രസ് നേതാവും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ വെള്ളനാട് ശ്രീകണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് സെക്രട്ടറി എൽ. സിന്ധുവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തിൽ ശ്രീകണ്ഠൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നെങ്കിലും വിധിക്ക് കാത്ത് നിൽക്കാതെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം. പഞ്ചായത്തിലെ സെക്രട്ടറിയുടെ ക്യാബിനിൽ ജീവനക്കാരോട് സിന്ധു സംസാരിച്ചുകൊണ്ടിരിക്കെ വെള്ളനാട് ശ്രീകണ്ഠൻ സ്ഥലത്തെത്തി. വെള്ളനാട് പൊതുശ്‌മശാനത്തിന്റെ അറ്റകുറ്റപ്പണിക്കായി രണ്ട് ലക്ഷം രൂപ മുൻകൂറായി അനുവദിക്കണമെന്നായിരുന്നു ശ്രീകണ്ഠൻ്റെ ആവശ്യം. എന്നാൽ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമില്ലാതെ അത് സാധ്യമല്ലെന്ന് സെക്രട്ടറി സിന്ധു വ്യക്തമാക്കി. ഇതിൽ പ്രകോപിതനായ ശ്രീകണ്ഠൻ മറ്റ് ജീവനക്കാരുടെ മുന്നിൽ വെച്ച് സിന്ധുവിനോട് കയർത്ത് സംസാരിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഇയാൾ തന്നെ അടിക്കാനായി കയ്യോങ്ങിയെന്നും സെക്രട്ടറി സിന്ധു കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു.

പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ശ്രീകണ്ഠൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. എന്നാൽ കേസിൽ വിധി വരുന്നതിന് മുൻപ് തന്നെ കാട്ടാക്കട പൊലീസ് ശ്രീകണ്ഠനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം വൈസ് പ്രസിഡൻ്റിനെ കോടതിയിൽ ഹാജരാക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com