
കുട്ടനാട് സീറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കണമെന്ന് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോമസ് കെ തോമസിന് സീറ്റ് കൊടുത്തത് LDFൻ്റെ തെറ്റായ തീരുമാനമെന്നും വെള്ളാപ്പള്ളി. കേരള കൗമുദിയിലെ ലേഖനത്തിലാണ് ഈ നിലപാട് പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത തോമസ് കെ. തോമസ് കുട്ടനാട് സീറ്റ് കുടുംബ സ്വത്തായി കരുതുന്നു എന്നും ലേഖനത്തിൽ വെള്ളാപ്പള്ളി ആരോപിക്കുന്നു.
തോമസ് ചാണ്ടി കരുത്തനായ നേതാവും ജനകീയനുമായിരുന്നു, പക്ഷേ തോമസ് ഇതൊന്നുമല്ല. ഒരു വള്ളത്തിൽ കയറാനുള്ള ആളു പോലും എൻസിപിയിൽ ഇല്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
എ.കെ.ശശീന്ദ്രൻ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവെന്നും,ഇടതുമുന്നണിയിലെ പിന്നോക്ക സമുദായ പ്രതിനിധിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശശീന്ദ്രനെ നീക്കാനുള്ള പി.സി.ചാക്കോയുടെ നീക്കത്തിന് പിന്നിൽ സമുദായ താൽപര്യമെന്നും അദ്ദേഹം ആരോപിച്ചു. എസ്എൻഡിപിയോഗത്തിൻ്റെ മുഖ പത്രമായ യോഗനാദത്തിലെ ലേഖനത്തിൽ വെള്ളാപ്പള്ളി തൻ്റെ രാഷ്ട്രീയ അഭിപ്രായങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം സനാതന ധർമത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. സനാതന ധർമമം പ്രകാരം എന്തിലും ഏതിലും ദൈവമുണ്ട്. ശ്രീനാരായണ ഗുരു ആരാധനാ മൂർത്തി തന്നെയാണ്. അതിനെ വിമർശിക്കുന്നവർ ഉണ്ടാകാം. വിമർശിക്കുന്നവർ വിമർശിക്കട്ടെ എന്നായിരുന്നു പ്രതികരണം.
92ാമത് ശിവഗിരി തീർഥാടനത്തിന്റെ മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സനാതന ഹിന്ദുത്വം എന്ന പ്രയോഗം തന്നെ ശരിയല്ല. പഴയ ബ്രാഹ്മണിക്കൽ രാജഭരണ കാലത്തേക്ക് ഉള്ള പോക്കാണ് അത്. സനാതന ഹിന്ദുത്വം ജനാധിപത്യപരമല്ല. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ശ്ലോകം പോലും ശരിയല്ല. അതിന് മുമ്പുള്ള വാക്കുകൾ പശുവിനും ബ്രാഹ്മണനും സുഖമുണ്ടാകട്ടെ എന്നാണ്. അവർക്ക് സുഖമുണ്ടായാൽ ലോകത്തിനും സുഖമുണ്ടാകും എന്നാണ് പൂർണ അർഥമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.