അലവലാതി പാർട്ടിയായി ബിജെപി മാറി, സുരേന്ദ്രൻ തുടരണമോയെന്ന് നേതൃത്വം തീരുമാനിക്കട്ടെ: വെള്ളാപ്പള്ളി നടേശൻ

അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ബിജെപിയിലുള്ളതെന്നും, വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന സ്ഥിതിയിലേക്ക് പാർട്ടി മാറിയെന്നും അദ്ദേഹം പറഞ്ഞു
അലവലാതി പാർട്ടിയായി ബിജെപി മാറി, സുരേന്ദ്രൻ തുടരണമോയെന്ന് നേതൃത്വം തീരുമാനിക്കട്ടെ: വെള്ളാപ്പള്ളി നടേശൻ
Published on


ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിക്കും മുസ്ലിം ലീഗിനുമെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപി അലവലാതി പാർട്ടിയായി മാറിയെന്നും, അഭിപ്രായങ്ങൾ പാർട്ടിക്ക് അകത്ത് പറയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ആയി സുരേന്ദ്രൻ തുടരണമോയെന്ന് നേതൃത്വം തീരുമാനിക്കട്ടെ എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

സിപിഎമ്മിനെ പോലെ കേഡര്‍ പാര്‍ട്ടിയെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ബിജെപിയിലുള്ളതെന്നും, വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന സ്ഥിതിയിലേക്ക് പാർട്ടി മാറിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലും സ്ഥിതി മറിച്ചല്ല. പാർട്ടിയിൽ അച്ചടക്കവും വിനയവുമില്ല. അവിടെയും അഭിപ്രായ വ്യത്യാസമുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന രമ്യ ഹരിദാസിന് രാഷ്ട്രീയനേതാവിന്റെ മെയ്‌വഴക്കമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലിം ലീഗിനെതിരെയും വെള്ളാപ്പള്ളി നടേശൻ വിമർശനം ഉന്നയിച്ചു. മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണ്. അവർ മതേതരത്വം പറയുമെങ്കിലും അതൊന്നും പ്രവൃത്തിയിൽ ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. മുസ്ലിം അല്ലാത്ത ആരെയും സംവരണ സീറ്റിൽ അല്ലാതെ ഇതുവരെ മത്സരിപ്പിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com