"പ്രതിപക്ഷ നേതാവ് അഹങ്കാരത്തിൻ്റെ ആൾ രൂപം"; വി.ഡി. സതീശനെതിരെ വീണ്ടും വെള്ളാപ്പള്ളി

2026ൽ കേരളത്തിൽ ത്രികോണ മത്സരം ഉണ്ടാകും.യുഡിഎഫ് അധികാരത്തിൽ വരുമെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. യുഡിഎഫിന്റെ മുഖ്യമന്ത്രി മുഖമായി ചെന്നിത്തല പരിഗണിക്കാമെന്നാണ് പറഞ്ഞതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി
"പ്രതിപക്ഷ നേതാവ് അഹങ്കാരത്തിൻ്റെ ആൾ രൂപം"; വി.ഡി. സതീശനെതിരെ വീണ്ടും വെള്ളാപ്പള്ളി
Published on

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വീണ്ടും വിമർശനവുമായി എസ്‌എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി.ഡി. സതീശൻ അഹങ്കാരത്തിൻ്റെ ആൾ രൂപമാണെന്നും, തറ പറ പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഞാനാണ് രാജാവ്, രാജ്ഞി, രാജ്യം എന്ന നിലയിലാണ് സതീശൻ പ്രവർത്തിക്കുന്നത്. കോൺഗ്രസിലെ ഒരുപാട് ആളുകൾ സതീശനെ സഹിക്കുന്നു. സഹിച്ച് സഹിച്ച് നെല്ലിപലക വരെ കണ്ടുവെന്നും, വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.



എന്നാൽ തന്റെ വിമർശനത്തോടുള്ള സതീശന്റെ മറുപടിയിൽ സ്വഭാവമാറ്റം കാണുന്നുണ്ടെന്നും, സതീശൻ നന്നാവുന്ന ലക്ഷണമുണ്ടെന്നും, വെള്ളാപ്പള്ളി പറഞ്ഞു. സ്വയം തെറ്റുകൾ മനസിലാവാൻ തുടങ്ങിട്ടുണ്ട്. ഇതുവരെ തെറ്റുകൾ പറഞ്ഞു മനസിലാക്കാൻ ആരും ഇല്ലായിരുന്നു. പണി പോകുമെന്ന് പേടിച്ച് ആരും പറഞ്ഞു കൊടുത്തില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എന്നാൽ തനിക്ക് പേടി ഇല്ലാത്തത് കൊണ്ട് പറഞ്ഞു കൊടുത്തുവെന്നും, നന്നാവുകയാണെങ്കിൽ നന്നാകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. പണ്ടായിരുന്നെങ്കിൽ താൻ പറയുന്ന ഭാഷ അങ്ങനെയാകുമായിരുന്നില്ല. തന്റെ പ്രസ്താവന കേട്ട് കോൺഗ്രസിനുള്ളിൽ നിന്ന് പലരും വിളിച്ചു അഭിനന്ദിച്ചുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എൻഎസ്എസും ചെന്നിത്തലയും തമ്മിൽ അണ്ണനും തമ്പിയും പോലെയാണെന്നും,അവർ തമ്മിൽ ഒരിക്കലും തെറ്റാൻ പാടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസിനു എൻഡിഎയിൽ നിന്ന് എന്ത് കിട്ടിയെന്ന് പരിശോധിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യുഡിഎഫിൻ്റെ ബലഹീനതയാണ് എൻഡിഎയുടെ ഐശ്വര്യമെന്നും, എൻഡിഎ വളരുന്നത് എൽഡിഎഫിന് ഗുണം ചെയ്യുമെന്നും, വെള്ളാപ്പള്ളി ആരോപിച്ചു. ബിഡിജെഎസ് മുന്നണി വിടുമോ എന്നുള്ള ചോദ്യത്തിന് താൻ അല്ല മറുപടി പറയേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.


രണ്ടാം പിണറായി സർക്കാരിന്റെ ഭരണം മെച്ചമല്ല എന്ന് അതിൻ്റെ ഉള്ളിൽ നിന്ന് തന്നെ പറയുന്നു. ഭരണത്തിന്റെ ഗ്രാഫ് താഴേക്ക് പോയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

"2026ൽ കേരളത്തിൽ ത്രികോണ മത്സരം ഉണ്ടാകും.യുഡിഎഫ് അധികാരത്തിൽ വരുമെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. യുഡിഎഫിന്റെ മുഖ്യമന്ത്രി മുഖമായി ചെന്നിത്തല പരിഗണിക്കാമെന്നാണ് പറഞ്ഞത്. സതീശൻ അധികാരമോഹി ആണെന്ന് താൻ വിമർശിക്കാൻ പാടില്ലായിരുന്നുവെന്ന് കെ.സുധാകരൻ പറഞ്ഞത് വിനയം കൊണ്ടാണ്", വെള്ളാപ്പള്ളി നടേശൻ പഞ്ഞു.


"സുധാകരന് കോൺഗ്രസിനുള്ളിൽ നിന്നും വേദന അനുഭവിക്കുന്നുണ്ട്. അത് എത്രത്തോളമുണ്ടെന്ന് തനിക്കറിയാം. കെപിസിസി പ്രസിഡന്റ്‌ എന്തെങ്കിലും പറഞ്ഞാൽ സ്റ്റേജിൽ വെച്ച് തന്നെ മൈക് വാങ്ങി എതിര് പറയും. പ്രായം കൊണ്ടും പക്വത കൊണ്ടും സുധാകരൻ എല്ലാം ക്ഷമിക്കുകയാണ്", വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com