
ക്ഷേത്രാചാരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് അഭിപ്രായം പറയാമെന്നും പക്ഷേ അത് രാഷ്ട്രീയത്തിന് വേണ്ടിയാകരുതെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. "അഭിപ്രായങ്ങൾ പറയുന്നത് ക്ഷേത്രത്തിൻ്റെ അഭിവൃദ്ധിക്ക് വേണ്ടിയാകണം. ജനാധിപത്യത്തിൽ എല്ലാവർക്കും അഭിപ്രായം പറയാം. അവരും മനുഷ്യരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദേവസ്വം ബോർഡ് ഭരിക്കുന്നത് രാഷ്ട്രീയക്കാരാണ്", വെള്ളാപ്പള്ളി പറഞ്ഞു. കേരളം വിട്ടാൽ ക്ഷേത്രങ്ങളിൽ ഉടുപ്പ് അഴിക്കേണ്ട. സ്ത്രീകൾ പൂജ നടത്തുന്ന ക്ഷേത്രങ്ങളും രാജ്യത്തുണ്ട്. വേഷ ഭൂഷാധികൾ, ആശയം, മുദ്രാവാക്യം എന്നിവ കാലത്തിനനുസരിച്ച് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സനാതന ധർമത്തെ പറ്റിയുള്ള പ്രസ്താവനകൾക്ക് പിന്നാലെയാണ് കേരളത്തിൽ ഇത്തരം ചർച്ചകൾക്ക് വഴി തുറന്നത്. 92ാമത് ശിവഗിരി തീർഥാടനത്തിൻ്റെ മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വേദിയൊരുങ്ങിയത്. സനാതന ഹിന്ദുത്വം എന്ന പ്രയോഗം തന്നെ ശരിയല്ല. പഴയ ബ്രാഹ്മണിക്കൽ രാജഭരണ കാലത്തേക്ക് ഉള്ള പോക്കാണ് അത്. സനാതന ഹിന്ദുത്വം ജനാധിപത്യപരമല്ലെന്നായിരുന്നു പിണറായി വിജയൻ്റെ പ്രസ്താവന. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ സനാതന ധർമ വിഷയത്തിൽ എന്താണോ പറഞ്ഞത് അതിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ പിന്തുണച്ച് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ രംഗത്തെത്തിയിരുന്നു. സനാതന ധര്‍മത്തിന്റെ പേരിൽ ഗുരുദേവനെ ചാതുര്‍വര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നു. ഗുരുദേവനെ ആര്‍ക്കും വിട്ടുകൊടുക്കാനാവില്ലെന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. ശിവഗിരി തീർഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് കേരളമാകെ അംഗീകരിക്കുന്നതാണെന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രതികരണം. ഭൂരിപക്ഷ വർഗീതയെയും ന്യൂനപക്ഷ വർഗീയതയെയും സിപിഎം ഒരുപോലെ എതിർക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സനാതന ധർമ പരാമർശത്തോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നമ്മുടെ രാജ്യത്തിന്റെ മഹിതമായ പാരമ്പര്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ് സനാതന ധർമമെന്നായിരുന്നു സതീശൻ പറഞ്ഞത്.