
തിരുവനന്തപുരം വെള്ളറടയില്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പ്രജിനെതിരെയുള്ള ആരോപണങ്ങില്‍ അന്വേഷണം ശക്തമാക്കാന്‍ പൊലീസ്. പ്രചിന്റെ മുറിയിലുള്ള വസ്തുക്കള്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കും. ചൈനയില്‍ നിന്ന് എന്തിനാണ് വസ്തുക്കള്‍ കൊണ്ടു വന്നതെന്നും ബ്ലാക്ക് മാജിക് ഉള്‍പ്പെടെയുള്ള സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
പ്രജിന്‍ പലപ്പോഴും മാനസിക സ്ഥിരതിയല്ലാതെ പെരുമാറിയിരുന്നെന്ന് അമ്മ കൃഷ്ണകുമാരി പറഞ്ഞു. മകന്‍ തങ്ങളെ ആക്രമിക്കുമോ എന്ന് ഭയമുണ്ടായിരുന്നതായും അമ്മ പറഞ്ഞു.
'അവന് എപ്പോഴും ഞങ്ങളോട് വലിയ ദേഷ്യമാണ്. ഞങ്ങളും അവന് വേണ്ടി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. പെട്ടെന്ന് ഒരു ദിവസം വീട്ടിലെ സാധനങ്ങള്‍ എല്ലാം അടിച്ചു പൊട്ടിച്ചു. അപ്പോള്‍ ഞങ്ങള്‍ക്ക് ഭയങ്കര പേടിയായി. വീട്ടിലെ ഗ്ലാസ്, ടിവി തുടങ്ങിയ കാര്യങ്ങളെല്ലാം അടിച്ച് പൊട്ടിച്ചു. അടുത്ത വീട്ടിലെ പൈപ്പ് എല്ലാം വെട്ടി മുറിച്ചു,' അമ്മ പറഞ്ഞു.
ചൈനയില്‍ എംബിബിഎസ് പഠിച്ചുകൊണ്ടിരുന്ന പ്രജിന്‍ കൊവിഡ് സമയത്താണ് നാട്ടിലേക്ക് തിരിച്ചെത്തുന്നത്. ഈ സമയം മുതല്‍ പ്രജിന്‍ മാനസിക പ്രശ്‌നങ്ങള്‍ കാണിക്കുന്നുണ്ടെന്നും അമ്മ പറഞ്ഞു. പ്രതി മാതാപിതാക്കളെ വീട്ടില്‍ നിന്ന് പലതവണ പുറത്താക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യും. ബുധനാഴ്ച രാത്രിയോട് കൂടിയാണ് കൊലപാതകം നടക്കുന്നത്. പണം ചോദിച്ചിട്ട് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നായിരുന്നു എഫ്.ഐ.ആര്‍. വെള്ളറട കിളിയൂര്‍ സ്വദേശി ജോസിനെയാണ് പ്രജിന്‍ വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടുകത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി തന്നെ സ്വമേധയാ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.