
തമിഴ്നാട്ടിലെ തീയാട്ടത്തിന് സമാനമായ ആചാരം നിയമപരമാക്കി തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേല. മത ആചാരമെന്നതിനപ്പുറം കൊളോണിയല്‍ അധിനിവേശങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിൻ്റെ കൂടി പ്രതീകമാണ് ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ ഈ ആഘോഷം. മധ്യ വെനസ്വേലയിലെ പർവതനിരകളിലെ ക്വിബായോ അടക്കം ആദിമ ഗോത്രവിഭാഗങ്ങള്‍ക്ക് അവരുടെ പോരാട്ടവീര്യവുമായി ഇഴചേർന്നിരിക്കുന്ന ആചാരമാണ് 'ബെയ്ൽ എൻ കാൻഡല' എന്നറിയപ്പെടുന്ന തീയാട്ടം.
തുടി താളങ്ങള്‍ക്ക് ഒപ്പം നൃത്തം ചവിട്ടിയും നഗ്നപാദരായി തീക്കനലുകള്‍ക്ക് മുകളിലൂടെ നടന്നും വിറകുകൊള്ളികള്‍ ശരീരത്തിലടിച്ചും ശരീരത്തില്‍ മദ്യമൊഴിച്ച് തീയാളിക്കത്തിച്ചും പൂർവ്വികരുടെ ആത്മാക്കളുടെ മോചനത്തിനായുള്ള ആരാധന നടത്തുന്നതാണ് രീതി. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ അരങ്ങേറിയ ഉത്സവാഘോഷങ്ങള്‍ക്ക് മുന്നോടിയായി വെനസ്വേലയിലെ മഡൂറോ സർക്കാർ, സാംസ്കാരിക പൈതൃക ആചാരമായി 'ബെയ്ൽ എൻ കാൻഡല'യെ പ്രഖ്യാപിച്ചു. വെനസ്വേലയുടെ ഗോത്ര-കത്തോലിക്ക-ആഫ്രിക്കൻ മതവിശ്വാസ സംയോജനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ചടങ്ങുകളുടെ സാംസ്കാരിക പ്രധാന്യം കണക്കിലെടുത്തായിരുന്നു തീരുമാനം.
1900 കളില്‍ ആചരിച്ചു തുടങ്ങിയതെന്ന് കരുതപ്പെടുന്ന ഈ ചടങ്ങിന് പിന്നില്‍ പല കഥകളാണുള്ളത്. ചില ഗോത്രങ്ങള്‍ക്ക് കാർഷിക സമൃദ്ധിക്ക് വേണ്ടി സൂര്യദേവനെ പ്രീതിപ്പെടുത്തുന്ന ചടങ്ങാണിതെങ്കില്‍, ചിലർക്ക് സമൃദ്ധിയുടെ ദേവതയായ മരിയ ലയൺസ ദേവിയോടുള്ള ആരാധനാഘോഷമാണിത്. മതാചാരമെന്നതിനപ്പുറം വിവിധ ഗോത്രങ്ങളുടെ ഐക്യത്തിന്‍റെയും കൊളോണിയല്‍ അടിച്ചമർത്തലുകളോടുള്ള പോരാട്ട ചരിത്രത്തിന്‍റെയും വെെകാരിക പ്രകടനമാണ് ഈ തീയാട്ടം.