
വെനസ്വേല പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ നിക്കോളാസ് മഡൂറോയ്ക്ക് വീണ്ടും ജയം. തുടർച്ചയായി മൂന്നാം തവണയാണ് മഡൂറോ വെനസ്വേല പ്രസിഡൻ്റാകുന്നത്. 51.20 ശതമാനം വോട്ടാണ് മഡൂറോ തെരഞ്ഞെടുപ്പിൽ നേടിയത്. 2013ൽ കാൻസർ ബാധിതനായിരുന്ന ഹ്യൂഗോ ഷാവേസിന്റെ മരണത്തിനു പിന്നാലെയാണ് വൈസ് പ്രസിഡന്റായിരുന്ന മഡൂറോ അധികാരത്തിലെത്തിയത്.
എതിർ സ്ഥാനാർഥിയും, വലതുപക്ഷ നേതാവുമായ എഡ്മണ്ടോ ഗോൺസാലസിനെയാണ് മഡൂറോ തോൽപ്പിച്ചത്. ഗോൺസാലസിന് 44.02 ശതമാനം വോട്ട് മാത്രമാണ് നേടാൻ സാധിച്ചത്. അർജന്റീന, അൾജീരിയ എന്നിവിടങ്ങളിലെ മുൻ വെനസ്വേലൻ അംബാസഡറായിരുന്നു ഗോൺസാലസിൻ.
ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. പ്രതിപക്ഷ സഖ്യമായ യൂണിറ്ററി പ്ലാറ്റ്‌ഫോമിന്റെ പിന്തുണയിൽ മത്സരിച്ച എഡ്മണ്ടോ ഗോൺസാലസിൻ ഇന്നലെ വൈകുന്നേരം തന്നെ തെരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ ഫലം പുറത്തു വന്നതോടെ ഗോൺസാലസിൻ വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്നും ആരോപിച്ചു.
ഞായർ രാവിലെ ആറു മുതൽ 12 മണിക്കൂറായിരുന്നു തെരഞ്ഞെടുപ്പ്. 2.1 കോടി വോട്ടർമാർക്കായി 15,767 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്.