
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ ജീവനൊടുക്കാൻ ശ്രമിച്ചു. ജയിലിലെ ശുചിമുറിയിലാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച പ്രതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. നില ഗുരുതരമായി തുടരുകയാണ്. അഫാന്‍റെ തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം നിലച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഞായറാഴ്ചകളിൽ പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികൾക്ക് സിനിമാ പ്രദർശനമുണ്ട്. അതിനായാണ് പ്രത്യേക സെല്ലിൽ പാർപ്പിച്ചിരുന്ന അഫാനെ ജയിൽ ഉദ്യോഗസ്ഥൻ പുറത്തേക്കിറക്കിയത്. അതിനിടെ തനിക്ക് ശുചിമുറിയിൽ പോകണമെന്ന് പ്രതി ആവശ്യപ്പെട്ടു. അനുവാദം നൽകിയ ഉദ്യോഗസ്ഥന്റെ കണ്ണ് വെട്ടിച്ച് അഫാൻ ഉണക്കാനിട്ടിരുന്ന മുണ്ട് കൈക്കലാക്കി ശുചിമുറിക്കുള്ളിൽ കെട്ടിത്തൂങ്ങുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ഉദ്യോഗസ്ഥൻ ബോധമില്ലാതെ കിടന്ന അഫാന് സിപിആർ നൽകി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൃത്യമായ നിരീക്ഷണം പ്രതിക്ക് ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്നാണ് ജയിൽ അധികൃതർ പറയുന്നത്. ഉറങ്ങുമ്പോൾ അടക്കം ഉദ്യോഗസ്ഥന്റെ മേൽനോട്ടമുണ്ട്. തുടക്കം മുതൽ ജീവനൊടുക്കാനുള്ള പ്രവണതയുള്ളതുകൊണ്ട് മറ്റൊരു പ്രതിയെയും സഹതടവുകാരനായി അഫാന്റെ സെല്ലിൽ പാർപ്പിച്ചിരുന്നു. ധരിക്കാൻ ബർമുഡയായിരുന്നു ജയിലിലെത്തിയത് മുതൽ നൽകിയിരുന്നത്.
സഹോദരന്‍ അഫ്സാന്‍, എസ്.എൻ. പുരം ചുള്ളാളം സ്വദേശികളായ പിതാവിന്‍റെ സഹോദരൻ ലത്തീഫ്, അദ്ദേഹത്തിൻ്റെ ഭാര്യ ഷാഹിദ, പിതാവിന്‍റെ അമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, പെണ്‍സുഹൃത്ത് ഫർസാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി അഫാന്‍ തന്നെ കൊലപാതകം നടത്തിയ കാര്യം പൊലീസിനോട് ഏറ്റു പറയുകയായിരുന്നു. എലിവിഷം കഴിച്ച ശേഷമാണ് അഫാന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ജീവനൊടുക്കാനുള്ള പ്രവണത മുന്‍പും അഫാന്‍ പ്രകടിപ്പിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.
പ്രതി അഫാനെതിരായ മാതാവിന്റെ നിർണായക മൊഴി നേരത്തെ പുറത്തുവന്നിരുന്നു. ആക്രമിച്ചത് അഫാൻ തന്നെയെന്നാണ് ഉമ്മ ഷെമി മൊഴി നൽകിയത്. അഫാൻ കഴുത്തിൽ ഞെരിച്ചു. 'ഉമ്മ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞാണ് പിന്നിൽ നിന്ന് ഷാൾ കൊണ്ടു കഴുത്തു ഞെരിച്ചതെന്നാണ് മൊഴി. കിളിമാനൂർ സിഐ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.കട്ടിലിൽ നിന്ന് വീണ് തല തറയിൽ ഇടിച്ചുണ്ടായ മുറിവെന്നാണ് ആദ്യം ഷെമി മൊഴി നൽകിയത്. പിന്നീട് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് കൂടുതൽ വിവരങ്ങൾ നൽകിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)