
ദുംഗർപൂർ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി റാഗിങിന് ഇരയായതായി പരാതി. കഴിഞ്ഞ മാസം സീനിയർ വിദ്യാർഥികളുടെ റാഗിങിന് ഇരയായ വിദ്യാർഥി നാല് തവണ ഡയാലിസിസിന് വിധേയനാകേണ്ടി വന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ക്രൂരമായ റാഗിങ് വൃക്കയിൽ അണുബാധ ഉണ്ടാവാൻ കാരണമായെന്നും പൊലീസ് അറിയിച്ചു.
കോളേജിന് സമീപമുള്ള സ്ഥലത്ത് വച്ച് ഏഴോളം രണ്ടാം വർഷ വിദ്യാർഥികളാണ് റാഗിങ് നടത്തിയത്. ഇരയായ വിദ്യാർത്ഥിയെ കൊണ്ട് 300 -ലേറെ തവണ സിറ്റ് -അപ്പുകൾ ചെയ്യിപ്പിക്കുകയായിരുന്നു. ഇത് വൃക്കയെ കടുത്ത സമ്മർദത്തിലാക്കുകയായിരുന്നവെന്നാണ് ഡോക്ടർമാർ പറയുന്നത്. തുടർന്ന് രോഗബാധിതനായ വിദ്യാർഥിയുടെ വൃക്ക തകരാറിലാവുകയും അണുബാധ ഉണ്ടായതായുമാണ് റിപ്പോർട്ട്. ഒരാഴ്ചയോളം അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥി നാല് തവണ ഡയാലസിസിന് വിധേയനായെന്നും ഇപ്പോൾ സുഖം പ്രാപിക്കുന്നുവെന്നും പൊലീസ് അറിയിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിലെ റാഗിങ് വിരുദ്ധ സമിതിയുടെ അന്വേഷണത്തിൽ കുറ്റാരോപിതരായ എഴ് വിദ്യാർഥികളും കുറ്റം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. അവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു. ഈ വിദ്യാർഥി നേരത്തെയും റാഗിങിന് ഇരയായിട്ടുണ്ടെങ്കിലും പരാതിപ്പെട്ടിരുന്നില്ല. വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുന്നതായി എസ്എച്ച്ഒ അറിയിച്ചു.