ഭീകരരെ സഹായിച്ചെന്ന് കരുതുന്ന കുല്‍ഗാം സ്വദേശി മുങ്ങി മരിച്ചു; നദിയില്‍ ചാടിയത് രക്ഷപ്പെടാനെന്ന് സൈന്യം

പൊലീസും ആര്‍മിയും ചേര്‍ന്ന് യുവാവിനൊപ്പം ഭീകരവാദികൾ  ഒളിച്ചിരുന്ന സ്ഥലത്തേക്ക് പോയി. ഇവിടെ വെച്ച് യുവാവ് രക്ഷപ്പെടാനായി നദിയിലേക്ക് ചാടുകയായിരുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു
ഭീകരരെ സഹായിച്ചെന്ന് കരുതുന്ന കുല്‍ഗാം സ്വദേശി മുങ്ങി മരിച്ചു; നദിയില്‍ ചാടിയത് രക്ഷപ്പെടാനെന്ന് സൈന്യം
Published on


ജമ്മു കശ്മീരില്‍ ഭീകരര്‍ക്ക് ഭക്ഷണവും താമസവും ഒരുക്കി നല്‍കിയെന്ന് കരുതപ്പെടുന്ന കുല്‍ഗാം സ്വദേശി നദിയില്‍ മുങ്ങി മരിച്ചതായി സൈന്യം. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 23കാരനായ ഇംത്യാസ് അഹമ്മദ് മഗ്രേയ് ആണ് മരിച്ചതെന്നാണ് സൈന്യം പറയുന്നത്.

യുവാവ് നദിയിലേക്ക് ചാടുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങളും വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്നുണ്ട്. ശനിയാഴ്ച യുവാവിനെ സുരക്ഷാ സേന കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ കുല്‍ഗാമിലെ താങ്മാര്‍ഗിലെ കാട്ടില്‍ തീവ്രവാദികള്‍ക്ക് താമസവും ഭക്ഷണവും നല്‍കിയതായി ഇംത്യാസ് പറഞ്ഞാതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന സ്ഥലം കാണിച്ചു കൊടുക്കാമെന്ന് ഇംത്യാസ് സമ്മതിച്ചു. ഇതിന് പിന്നാലെ ഞായറാഴ്ച പൊലീസും ആര്‍മിയും ചേര്‍ന്ന് യുവാവിനൊപ്പം ഭീകരവാദികൾ  ഒളിച്ചിരുന്ന സ്ഥലത്തേക്ക് പോയി. ഇവിടെ വെച്ച് യുവാവ് രക്ഷപ്പെടാനായി നദിയിലേക്ക് ചാടുകയായിരുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.

യുവാവ് വെള്ളത്തിലേക്ക് എടുത്ത് ചാടുന്ന വീഡിയോയില്‍ സൈന്യമടക്കം ആരെയും സംഭവ സ്ഥലത്ത് കാണാനാകുന്നില്ല. യുവാവ് നീന്താന്‍ ശ്രമിക്കുന്നതും എന്നാല്‍ നദിയിലെ ഒഴുക്കുമൂലം മുങ്ങിത്താഴ്ന്നു പോകുന്നതും വീഡിയോയില്‍ കാണാം. അതേസമയം യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി രംഗത്തെത്തിയിരുന്നു.

സൈന്യത്തിനെതിരെയുവാവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് മകനെ പിടിച്ചുകൊണ്ടു പോയത് സൈന്യമാണ്. എന്നാല്‍ പിന്നീട് കിട്ടുന്നത് മകന്റെ മൃതശരീരമാണെന്നും ഇതില്‍ ദുരൂഹതുയുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com