
ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുത്.
ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഉത്തരവ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ദർശനത്തിന് സൗകര്യമൊരിക്കാൻ ഗുരുവായൂർ ദേവസ്വം ബോർഡിന് ബാധ്യതയുണ്ട്. ഗുരുവായൂരിൽ എത്തുന്ന ഭക്തന് ആരാധനാ അവകാശം വിനിയോഗിക്കാൻ അവകാശമുണ്ട്.
ക്ഷേത്രത്തിൻ്റെ ആചാരവും പാരമ്പര്യവും കാത്ത് സൂക്ഷിക്കണം. നടപന്തലിൽ ഭക്തരുമായി വഴക്കുണ്ടാക്കുന്ന സാഹചര്യങ്ങൾ ദേവസ്വം ബോർഡ് ഒഴിവാക്കണം. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദീപസ്തംഭം പോലുള്ളവയുടെ വീഡിയോഗ്രാഫി അനുവദിക്കാനാവില്ല. ഇത് ഉറപ്പാക്കേണ്ടത് മാനേജിംഗ് കമ്മിറ്റിയാണെന്നും കോടതി വ്യക്തമാക്കി. സ്ത്രീകൾ, കുട്ടികൾ വ്യദ്ധർ,ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് ദർശന സൗകര്യമൊരുക്കണം. ഇതിന് ആവശ്യമായ പോലിസ് സഹായം അഡ്മിനിസ്ട്രേറ്റർക്ക് തേടാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ഹർജി അടുത്തമാസം 10 ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ , പി.ജി അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബഞ്ചിന്ർറേതാണ് ഉത്തരവ്