
എം.ആർ. അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ റിപ്പോർട്ട് മടക്കി വിജിലൻസ് ഡയറക്ടർ. ചിലകാര്യങ്ങളിൽ വ്യക്തത വേണമെന്ന് ഡിജിപി യോഗേഷ് ഗുപ്ത പറഞ്ഞു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ്- 1 എസ്പിയുടെ റിപ്പോർട്ട് റിപ്പോർട്ട് ആണ് വിജിലൻസ് ഡയറക്ടർ മടക്കിയത്.
പി.വി അൻവർ എംഎൽഎ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾക്ക് തെളിവില്ലെന്ന് കാട്ടിയാണ് അജിത് കുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്. സ്വർണ്ണക്കടത്ത് ബന്ധത്തിന് തെളിവില്ലെന്നും, കവടിയാറിലെ ആഡംബര വീട് നിർമ്മാണത്തിന് ബാങ്ക് വായ്പ എടുത്തെന്നും വിജിലൻസ് കണ്ടെത്തി.
അതേസമയം, വിവാദങ്ങൾക്കിടയിലും എഡിജിപി എം.ആർ. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. നടപടിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയാണ് മന്ത്രിസഭ അംഗീകരിച്ചത്. 2025 മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തോടെയാകും അജിത് കുമാർ ഡിജിപിയായി ചുമതലയേൽക്കുക. തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് അജിത് കുമാർ.