
കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കെതിരായ അഴിമതി ആരോപണത്തിൽ ജിസിഡിഎയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം. എറണാകുളം യൂണിറ്റിനാണ് അന്വേഷണ ചുമതല. ജിസിഡിഎയുടെ മുഴുവൻ ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കലൂരിൽ സംഘടിപ്പച്ച നൃത്ത പരിപാടി ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ജിസിഡിഎയ്‌ക്കെതിരെ കൊച്ചി സ്വദേശി നൽകിയ പരാതിയെ തുടർന്നാണ് നടപടി.
തൃക്കാക്കര എംഎൽഎ ഉമാ തോമസ് സ്റ്റേജിൽ നിന്നും വീണതിന് പിന്നാലെയാണ് നൃത്ത പരിപാടിയെ തുടർന്നുള്ള ആരോപണങ്ങൾ ഉയർന്നുവന്നത്. ഇത് ഏറെ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. സ്റ്റേഡിയം വിട്ടു നല്‍കുന്നതില്‍ ഗൂഢാലോചനയും തട്ടിപ്പും നടന്നിട്ടുണ്ട്. എസ്റ്റേറ്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് സ്റ്റേഡിയം അനുവദിച്ചതെന്നും ചെയര്‍മാന്റെ പ്രത്യേക ആവശ്യപ്രകാരമാണ് ഇതെന്നുമാണ് പരാതി. സ്റ്റേഡിയം അറ്റകുറ്റപ്പണി നടത്തിയതിൽ അടക്കം ക്രമക്കേട് നടത്തിയതായും പരാതിയിൽ ആരോപിച്ചിരുന്നു.
എസ്റ്റേറ്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് ജിസിഡിഎ കലൂർ സ്റ്റേഡിയം മൃദംഗനാദം പരിപാടിക്ക് വിട്ടുനൽകിയതെന്ന ആരോപണം ഉയർന്നിരുന്നു. എസ്റ്റേറ്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് കലൂർ സ്റ്റേഡിയം മൃദംഗനാദം പരിപാടിക്ക് വിട്ടുനൽകിയതെന്ന ആരോപണത്തില്‍, കമ്മിറ്റിയുടെ തീരുമാനം അന്തിമമല്ലെന്നായിരുന്നു ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപ്പിള്ളയുടെ പ്രതികരണം. പരാതി വിജിലൻസ് അന്വേഷിക്കട്ടെയെന്നും വീഴ്ച ആരുടേതെന്ന് പൊലീസ് പരിശോധിക്കട്ടെയെന്നും ചന്ദ്രൻപ്പിള്ള അറിയിച്ചു. കലൂർ സ്റ്റേഡിയത്തിന്റെ വാടക നിശ്ചയിച്ചത് ചർച്ചയ്ക്ക് ശേഷമാണെന്നും ചെയർമാൻ വ്യക്തമാക്കിയിരുന്നു.