ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യ പ്രതിയായ കൈക്കൂലിക്കേസ്; വിജിലന്‍സ് അന്വേഷണം മുംബൈയിലെ കമ്പനിയിലേക്കും

ഇഡി ഉദ്യോഗസ്ഥനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് എസ്പി എസ്. ശശിധരന്‍ വ്യക്തമാക്കി. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയാക്കിയതെന്ന് എസ്. ശശിധരന്‍ പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യ പ്രതിയായ കൈക്കൂലിക്കേസ്; വിജിലന്‍സ് അന്വേഷണം മുംബൈയിലെ കമ്പനിയിലേക്കും
Published on


ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യ പ്രതിയായ കൈക്കൂലിക്കേസില്‍ മുംബൈയിലെ കമ്പനി കേന്ദ്രീകരിച്ചും വിജിലന്‍സ് അന്വേഷണം നടത്തുന്നു. ബഹ്‌റ കമ്മോഡിറ്റിസ് ആന്‍ഡ് ടൂര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പങ്കാളിത്തമാണ് പരിശോധിക്കുന്നത്.

കൈക്കൂലി പണം നിക്ഷേപിക്കാന്‍ പരാതിക്കാരനോട് പ്രതികള്‍ ആവശ്യപ്പെട്ടത് ഈ സ്ഥാപനത്തിന്റെ മുബൈയിലെ അക്കൗണ്ടിലായിരുന്നു. അക്കൗണ്ടും മറ്റും തയാറാക്കി നല്‍കിയത് കേസിൽ അറസ്റ്റിലായ മുകേഷ് കുമാറാണ്. കൈകൂലി പണം ഉപയോഗിച്ച് പ്രതികള്‍ ഭൂമിയും വാങ്ങി കൂട്ടിയിട്ടുണ്ട്. മോഹന്‍ മുരളി പുത്തന്‍വേലിക്കരയില്‍ ഒന്നര ഏക്കര്‍ ഭൂമിയും, രഞ്ജിത്ത് നായര്‍ കൊച്ചി സിറ്റിയില്‍ വീടും വാങ്ങിയെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ 20 കോടിയോളം രൂപ ഇഡി ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൈകൂലിയായി തട്ടിയിട്ടുണ്ട്.

അതേസമയം ഇഡി ഉദ്യോഗസ്ഥനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് എസ്പി എസ്. ശശിധരന്‍ വ്യക്തമാക്കി. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയാക്കിയതെന്ന് എസ്. ശശിധരന്‍ പറഞ്ഞു.

തെളിവുകള്‍ ലഭിച്ചത് കൊണ്ടാണ് കേസിലെ രണ്ടും മൂന്നും നാലും പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് വിജിലന്‍സെന്നും എസ്പി പറഞ്ഞു. അറസ്റ്റിലായ പ്രതികളുടെ ഗാഡ്‌ജെറ്റ്‌സിന്റെ ശാസ്ത്രീയ പരിശോധന നടക്കുകയാണ്. പരാതിക്കാരന്റെ പശ്ചാത്തലം പറഞ്ഞുള്ള ഇഡി പ്രതിരോധം. ഞങ്ങളുടെ മുന്നില്‍ വന്ന പരാതിയിലാണ് നടപടി എടുത്തിട്ടുള്ളത്. മറ്റു കാര്യങ്ങള്‍ പിന്നീട് പരിശോധിക്കാം എന്നും വിജിലന്‍സ് എസ്പി മറുപടി പറഞ്ഞു.

അതേസമയം ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരന്‍ അനീഷ് ബാബു രംഗത്തെത്തിയിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ കൂടാതെ കേസ് സെറ്റില്‍ ചെയ്യാന്‍ മറ്റു വഴി കാണണം എന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാര്‍ പറഞ്ഞെന്നായിരുന്നു പരാതിക്കാരന്റെ വെളിപ്പെടുത്തല്‍. കേസിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആഭ്യന്തര അന്വേഷണം തുടങ്ങി. അന്വേഷണത്തിന് വിജിലന്‍സും പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കിതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട്, ചോദ്യം ചെയ്യലിനിടെ അസഭ്യം പറഞ്ഞെന്നും മോശമായി പെരുമാറിയെന്നുമാണ് കേസിലെ പരാതിക്കാരന്‍ അനീഷ് ബാബു പറയുന്നത്. മലയാളി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തി. ഇഡി ഉദ്യോഗസ്ഥരുടെ അറിവോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോഴ വാങ്ങിയതെന്നും അനീഷ് പറഞ്ഞു. ഏജന്റ്മാര്‍ക്ക് മാത്രം അറിയാവുന്ന തന്റെ നമ്പറിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ വിളിച്ചു. സമാന അനുഭവമുള്ള പലരെയും തനിക്കറിയാമെന്നും ഈ തെളിവുകളെല്ലാം വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com