
കൈക്കൂലി കേസിൽ പിടിയിലായ മുളവുകാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുടെ സ്വത്ത് വിവരം അന്വേഷിക്കാനൊരുങ്ങി വിജിലൻസ്. വ്യാഴാഴ്ച പിടിയിലായ പൊലീസ് ഉദ്യോഗസ്ഥൻ പി.പി. അനൂപ് അനധികൃതമായി ലക്ഷങ്ങൾ സമ്പാദിച്ചിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കാരാറുകാരനെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ സംഭവത്തിലാണ് ഇയാളെ വിജിലൻസ് പിടികൂടുന്നത്.
പ്രതി ആഴ്ചകൾക്ക് മുമ്പ് മഹേന്ദ്ര ഥാർ വാഹനം വാങ്ങിയതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്.
അനധികൃതമായി മണ്ണ് കടത്തിയ കേസിൽനിന്നും രക്ഷപ്പെടുന്നതിനായി കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് അനൂപ് പിടിയിലാവുന്നത്. കേസിൽ അറസ്റ്റിലായ കോൺട്രാക്ടറുമായി അനൂപ് നിരന്തരം ബന്ധപ്പെടുകയും, പണം നൽകിയാൽ കേസുകളിൽ വിട്ടുവീഴ്ച ചെയ്യാമെന്നു തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു. ഇയാളിൽ നിന്ന് പല തവണയായി അനൂപ് പണം വാങ്ങിയെങ്കിലും ഒടുവിൽ പിടിവീണു. വാഹനത്തിൽ വച്ച് പണം കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം പൊലീസ് ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുന്നത്.