'വെട്രി നിശ്ചയം'; വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് ഒരു വയസ്

പെരിയാര്‍, കാമരാജ്, അംബേദ്ക്കർ, വേലു നാച്ചിയാർ, അഞ്ജലൈ അമ്മാള്‍ എന്നിവരുടെ പ്രതിമ അനാച്ഛാദനം ചെയ്തായിരുന്നു ഇത്തവണത്തെ വാർഷിക ചടങ്ങ്
'വെട്രി നിശ്ചയം'; വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് ഒരു വയസ്
Published on

തമിഴ് നടൻ വിജയ്‌‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന് ഒരു വയസ്. തമിഴ്നാട് പനലൂരിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പതാക ഉയർത്തിയ വിജയ് അഞ്ച് നവോത്ഥാന വ്യക്തിത്വങ്ങളുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ജനങ്ങൾക്ക് വേണ്ടിയാണ് തന്റെ രാഷ്ട്രീയ പ്രവർത്തനമെന്നും അഴിമതി വിരുദ്ധ, മയക്കുമരുന്ന് രഹിത തമിഴ്‌നാട് വേണമെന്നും വിജയ് ഒന്നാം വാർഷികാഘോഷത്തിൽ പറഞ്ഞു.


മതനിരപേക്ഷത, സാമൂഹിക നീതി, സമത്വം ഇതായിരുന്നു പാർട്ടി രൂപീകരിച്ച് വിജയ് മുന്നോട്ട് വച്ച ആശയങ്ങൾ. പെരിയാര്‍, കാമരാജ്, അംബേദ്ക്കർ, വേലു നാച്ചിയാർ, അഞ്ജലൈ അമ്മാള്‍ എന്നിവരെ വഴികാട്ടികളായാണ് പാർട്ടി പ്രവർത്തനമെന്നും അന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ഈ അഞ്ചുപേരുടെ പ്രതിമ അനാച്ഛാദനം ചെയ്തായിരുന്നു ഇത്തവണത്തെ വാർഷിക ചടങ്ങ്. പാർട്ടി പതാകയുയർത്തിയ വിജയ്, പ്രതിമകൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.

വാർഷികദിനത്തിൽ അണികൾക്ക് നന്ദി അറിയിച്ച് വിജയ് സമൂഹമാധ്യമങ്ങളിൽ കുറിപ്പെഴുതി. ജനങ്ങൾക്കു വേണ്ടിയാണ് പാർട്ടിയെന്നും ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും വിജയ് പറഞ്ഞു. പൗരത്വ ഭേദഗതി മുതൽ പരന്തൂർ വിമാനത്താവള പ്രശ്നത്തിൽ വരെ ജനങ്ങൾക്കൊപ്പമാണ് നിന്നതെന്നും വിജയ് വ്യക്തമാക്കി.



നടന്മാരായ കമൽഹാസൻ, വിജയകാന്ത്, ശരത് കുമാർ തുടങ്ങി നിരവധി താരങ്ങൾ സ്വന്തം പാർട്ടികൾ പ്രഖ്യാപിച്ച് പല കാലത്ത് രംഗത്തുവന്നെങ്കിലും വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം വലിയ ജനശ്രദ്ധയാണ് നേടുന്നത്. താരമൂല്യത്തിനുമപ്പുറം വിജയ് പാർട്ടി ഉയർത്തുന്ന ആശയങ്ങളും പൊതു സമ്മതിക്ക് കാരണമാകുന്നുണ്ട്. മതേതരത്വം, അഴിമതി വിരുദ്ധത, മയക്കുമരുന്നു രഹിത തമിഴ്‌നാട്, ജാതി സർവേ, ഗവർണർ പദവി എടുത്തു കളയുക, മൂന്നിലൊന്ന് സ്ഥാനങ്ങൾ സ്ത്രീകൾക്ക് തുടങ്ങിയ നയങ്ങളാണ് വിജയ് ആദ്യ സമ്മേളനത്തിൽ പങ്കുവെച്ചത്. ഏതായാലും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ്‌‌യുടെ സ്റ്റാലിൻ്റെ ഡിഎംകെയ്ക്ക് വലിയ വെല്ലുവിളിയായിരിക്കും തമിഴക വെട്രി കഴകം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com