
അഭിനയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡ് താരം വിക്രാന്ത് മാസി. ട്വൽത്ത് ഫെയിൽ, സബർമതി റിപ്പോർട്ട്, സെക്ടർ 36 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ വിക്രാന്ത് മാസിയുടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം വലിയ ഞെട്ടലാണ് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്. 2025ൽ തൻ്റെ ആരാധകർക്ക് മുൻപിൽ അവസാനമായി എത്തുമെന്നും വിക്രാന്ത് സൂചിപ്പിച്ചു. ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കിട്ടുകൊണ്ടാണ് വിക്രാന്ത് തൻ്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.
"ഇത് വിരമിക്കാനുള്ള സമയമാണ്, ഒരു ഭർത്താവും, പിതാവും, മകനും, നടനുമെന്ന നിലയിൽ തനിക്ക് വീട്ടിലേക്ക് മടങ്ങാൻ സമയമായി, " എന്ന് വിക്രാന്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടാണ് വിക്രാന്ത് പോസ്റ്റ് പങ്കിട്ടത്. ഇനി രണ്ട് സിനിമകളിൽ കൂടി മാത്രമായിരിക്കും വിക്രാന്ത് അഭിനയിക്കുക. യാർ ജിഗ്രി, ആങ്കോൻ കെ ഗുസ്താക്കിയാൻ എന്നിവയാണ് 2025ൽ വിക്രാന്തിൻ്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
ബോളിവുഡ് ടിവി സീരിയലുകളിൽ നിന്നും സിനിമയിലേക്കും, ഒടിടിയിലേക്കും എത്തിയ നടനാണ് വിക്രാന്ത് മാസി. ധൂം മചാവോ ധൂം എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് വിക്രാന്തിൻ്റെ രംഗപ്രവേശം. 2009ൽ ബാലികാവധു എന്ന സീരിയലിലും നടനായിരുന്നു. കൊങ്കണ സെൻ സംവിധാനം ചെയ്ത ചിത്രം എ ഡെത്ത് ഇൻ ദി ഗുഞ്ജിലൂടെയാണ് വിക്രാന്ത് മാസി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. ചപ്പാക്ക്, രാംപ്രസാദ് കി തെഹ്ര്വി, ഹസീൻ ദിൽറുബ, ഗാസ്‌ലൈറ്റ് തുടങ്ങിയ സിനിമകളിലും, ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ, ക്രിമിനൽ ജസ്റ്റിസ്, മിർസാപൂർ തുടങ്ങിയ വെബ്സീരീസുകളിലും വിക്രാന്ത് അഭിനയിച്ചു.
വിക്രാന്ത് മാസിയുടെ വിരമിക്കലിൽ വലിയ ഞെട്ടലിലാണ് ആരാധകർ. ഇത് സത്യമായിരിക്കല്ലേ എന്നും, കുടുംബത്തെ തെരഞ്ഞെടുത്തുകൊണ്ട് ബോളിവുഡിലെ അടുത്ത ഇമ്രാൻ ഖാൻ ആകുന്നതെന്തിനാണെന്നും തുടങ്ങിയ നിരവധി കമൻ്റുകൾ ഇതിനകം തന്നെ വിക്രാന്ത് മാസിയുടെ വിരമിക്കൽ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ വിരമിക്കരുതെന്നും, നിങ്ങൾ ഇപ്പോഴുള്ളത് അഭിനയത്തിലെ ഏറ്റവും നല്ല സമയത്താണെന്നും തുടങ്ങിയ കമൻ്റുകളും ആരാധകർ കുറിച്ചു.