വിനേഷ് ഫോഗട്ട്: ഗോദയില്‍ മാത്രമല്ല, ഭരണകൂടത്തോടും പോരാടിയാണ് അവർ പാരിസിലെത്തിയത്

പക്ഷെ, മെഡലുകളെക്കാൾ തിളക്കം അവർ നടത്തിയ പോരാട്ടങ്ങൾക്കുണ്ടായിരുന്നു
വിനേഷ് ഫോഗട്ട്:
ഗോദയില്‍ മാത്രമല്ല, ഭരണകൂടത്തോടും പോരാടിയാണ് അവർ പാരിസിലെത്തിയത്
Published on

വിനേഷ് ഫോഗട്ട് പാരിസ് ഒളിംപിക്സ് ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതോടെ, കടുത്ത നിരാശയിലാണ് രാജ്യം. ഇന്ന് രാവിലെ നടന്ന പരിശോധനയില്‍ ഫോഗട്ടിന് അനുവദനീയമായ ഭാരത്തേക്കാള്‍ 100 ഗ്രാം അധിക ഭാരം രേഖപ്പെടുത്തിയതോടെയാണ് വിനേഷ് ഫോഗട്ട് ഒളിംപിക്സിൽ നിന്നും അയോഗ്യയാക്കപ്പെട്ടത്.

യുക്രെയ്ൻ താരമായ ഒക്‌സാന ലിവാച്ചിനെ തോൽപിച്ചുകൊണ്ട് സെമിയിൽ പ്രവേശിച്ച ഫോഗട്ട്, ലോക ഒന്നാം നമ്പർ താരം യുവി സുസാക്കിയ്ക്കെതിരെ അട്ടിമറി വിജയം നേടിക്കൊണ്ടാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. യുവി സുസാക്കിയെ തോൽപ്പിച്ചതോടെ, തൻ്റെ കരിയറിലെ ഒരു നാഴികകല്ലാണ് താരം പിന്നിട്ടത്. ഇതുവരെ ഒരു അന്താരാഷ്ട്ര മൽസരത്തിലും യുവി സുസാക്കി പരാജയപ്പെട്ടിട്ടില്ല എന്നത് വിനേഷ് ഫോഗട്ടിൻ്റെ വിജയത്തിൻ്റെ മാധുര്യം വർധിപ്പിച്ചിരുന്നു. അട്ടിമറി വിജയങ്ങൾ നേടി പാരിസ് ഒളിംപിക്സിൻ്റെ ഫൈനലിലെത്തിയ ഫോഗട്ടിന് സ്വർണമെഡൽ പ്രതീക്ഷ ഏറെയായിരുന്നു. വിനേഷിൻ്റെ വേദന ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നം കൂടി ആയിരുന്നു.

പക്ഷെ, മെഡലുകളെക്കാൾ തിളക്കം അവർ നടത്തിയ പോരാട്ടങ്ങൾക്കുണ്ടായിരുന്നു. ഗോദയില്‍ മാത്രമല്ല, ഭരണകൂടത്തോടും പോരാടിയാണ് വിനേഷ് പാരിസിലെത്തിയത്...

ഒന്നര വർഷങ്ങൾക്ക് മുൻപ് ഗുസ്തി ഫെഡറേഷൻ്റെ അനീതികൾക്കെതിരെ താരങ്ങൾ റോഡിലിറങ്ങി പ്രതിഷേധിച്ചതും, അവർ വഴിയിൽ വലിച്ചിഴയ്ക്കപ്പെട്ടതുമെല്ലാം രാജ്യം അത്ര പെട്ടന്ന് മറന്നുപോകാനിടയില്ല. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻ തലവനായിരുന്ന ബ്രിജ് ഭൂഷണെതിരെ പീഡന പരാതിയുയർന്നപ്പോൾ, അയാളെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തിയവരിൽ മുൻനിര പോരാളിയായിരുന്നു വിനേഷ് ഫോഗട്ട്. ബജ്‌രങ്ങ് പൂനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരാണ് അന്ന് ആ പോരാട്ടത്തെ മുന്നിൽ നിന്ന് നയിച്ചത്. രാജ്യത്തിന് വേണ്ടി മൽസരത്തിന് തയ്യാറെടുക്കേണ്ടിയിരുന്ന സമയത്ത് അവർ ഭരണകൂടത്തിനെതിരെ നീതിക്ക് വേണ്ടി പോരാടുകയായിരുന്നു. എന്നാൽ, സർക്കാരും അധികാരികളും അതിന് നേരെ ബോധപൂർവം കണ്ണടച്ചു. പ്രതിഷേധത്തിനിറങ്ങുമ്പോൾ ആ താരങ്ങൾ പ്രതീക്ഷിച്ചിരുന്ന സാമാന്യം മര്യാദ പോലും, ബഹുമാനം പോലും, രാജ്യത്തിന് വേണ്ടി അന്താരാഷ്ട്ര മൽസരങ്ങൾക്കായി ഗോദയിലിറങ്ങിയ ആ താരങ്ങൾക്ക് നിഷേധിക്കപ്പെട്ടു. 

പ്രതിഷേധം ആരംഭിച്ചത് എങ്ങനെ?

- 2023 ജനുവരിയിലാണ് ഗുസ്തി താരങ്ങൾ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻ തലവനായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ജന്തർ മന്തറിൽ ലൈംഗികാതിക്രമം ആരോപിച്ച് പ്രതിഷേധം ആരംഭിച്ചത്. ബ്രിജ് ഭൂഷൻ്റെ രാജിയും, ഫെഡറേഷൻ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അന്ന് താരങ്ങൾ തെരുവിലിറങ്ങിയത്.

- ആരോപണങ്ങൾ അന്വേഷിക്കാൻ അന്വേഷണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡൻ്റ് പി. ടി. ഉഷയ്ക്ക് പരാതിക്കത്ത് അയച്ചു. ഇതിൽ നടപടിയായി മേരി കോം, യോഗേശ്വർ ദത്ത് എന്നിവരടങ്ങുന്ന സമിതിയെ ഐഒഎ അന്വേഷണത്തിന് നിയോഗിച്ചു.

- ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷം, മന്ത്രി അനുരാഗ് താക്കൂറിനെ കണ്ട് അന്വേഷണം ഉറപ്പുവരുത്തി ഗുസ്തി താരങ്ങൾ പ്രതിഷേധം അവസാനിപ്പിച്ചു, അന്വേഷണം പൂർത്തിയാകുന്നതുവരെ ബ്രിജ് ഭൂഷൺ ഫെഡറേഷൻ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറിനിൽക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

- കുറ്റം ആരോപിക്കപ്പെട്ട ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ, തങ്ങൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ നിഷേധിച്ചു. പ്രസിഡൻ്റിനും കോച്ചിനുമെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ വ്യാജമെന്ന് ഫെഡറേഷൻ ന്യായീകരിച്ചു. എന്നാൽ, ഫെഡറേഷൻ്റെ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ കായിക മന്ത്രാലയം ആവശ്യപ്പെട്ടു, ഫെഡറേഷൻ സെക്രട്ടറി വിനോദ് തോമാറിനെ സസ്പെൻഡ് ചെയ്തു.

- എന്നാൽ, മേരി കോമിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെ നിയോഗിക്കുന്നതിൽ ഗുസ്തി താരങ്ങളുമായി കൂടിയാലോചിക്കാത്തതിൽ താരങ്ങൾ അതൃപ്തി പ്രകടിപ്പിച്ചു.

- സമിതി അന്വേഷണ റിപ്പോർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ, കായിക മന്ത്രാലയം മെയ് 7ന് ഫെഡറേഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാൽ, റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്തുവിട്ടിരുന്നില്ല. അതിൽ പ്രതിഷേധിച്ച് താരങ്ങൾ വീണ്ടും ജന്തർ മന്തറിൽ സമരം ആരംഭിച്ചു. പ്രതിഷേധിച്ച ഏഴ് വനിതാ താരങ്ങളും, ഒരു പ്രായപൂർത്തിയാകാത്ത താരവുമുൾപ്പെടെ ബ്രിജ് ഭൂഷണെതിരെ സെൻ്റ്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും, പൊലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയ്തില്ല. അന്വേഷണ സമിതിയുടെ കണ്ടെത്തലുകൾ പുറത്തുവിടാത്തതിൽ താരങ്ങൾ കായിക മന്ത്രാലയത്തിന് പരാതി നൽകി. അതോടൊപ്പം, ബ്രിജ് ഭൂഷണെതിരായ ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചു.

- പ്രതിഷേധക്കാർക്കെതിരെ കയ്യേറ്റം, വനിതാ താരങ്ങളോട് അപമര്യാദയായി പെരുമാറ്റം
മെയ് 3, 2023ന് വലിയ പ്രതിഷേധം തന്നെ പൊട്ടിപ്പുറപ്പെട്ടു. അന്ന് ഡൽഹി പൊലീസും ഗുസ്തി താരങ്ങളും തമ്മിലുണ്ടായ പ്രശ്നം കയ്യാങ്കളിയിൽ കലാശിച്ചു. മദ്യപിച്ചെത്തിയ പൊലീസുകാർ പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്യുകയും, വനിതാ ഗുസ്തി താരങ്ങളോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ആ സംഘർഷത്തിൽ താരങ്ങൾക്ക് പരിക്കുകളേറ്റു.

- തുടർച്ചയായി പീഡന ആരോപണങ്ങൾ നിഷേധിച്ച ബ്രിജ് ഭൂഷണോട് നാർക്കോ ടെസ്റ്റ് നടത്താൻ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വിനേഷ്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവരും മറ്റ് പ്രതിഷേധക്കാരും പുതിയ പാർലമെൻ്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചപ്പോൾ കലാപമുണ്ടാക്കുകയും, ഡ്യൂട്ടി നിർവ്വഹിക്കുന്ന പൊതുപ്രവർത്തകനെ തടസപ്പെടുത്തുകയും ചെയ്തതിന് പൊലീസ് കേസെടുത്തു.

കേസിൻ്റെ ഇപ്പോഴത്തെ സ്ഥിതി
2024 മെയ് 21ന് ഡൽഹി കോടതി ബ്രിജ് ഭൂഷൺ ശരൺ സിംഗിനും വിനോദ് തോമറിനും എതിരെ ഔദ്യോഗികമായി കുറ്റം ചുമത്തി. ബ്രിജ് ഭൂഷൺ സിംഗിനും തോമറിനുമെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ അന്വേഷിക്കാൻ മെയ് 10ന് കോടതി ഉത്തരവിട്ടു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതിന് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് ഉത്തരവ് പാസാക്കുന്നതിനിടെ കോടതി പറഞ്ഞു. ഇപ്പോഴും കേസിൽ അന്തിമ വിധി വന്നിട്ടില്ല, ആ ഗുസ്തി താരങ്ങൾക്ക് ഇതുവരെയും നീതി ലഭിച്ചിട്ടില്ല.

അധികാരികൾക്ക് മുന്നിൽ തല കുനിക്കാതെ സ്വന്തം പോരാട്ടവീര്യം കൊണ്ട്, ഗോദയിലും പ്രതിഷേധക്കളത്തിലും വിജയിച്ചു കഴിഞ്ഞതാണ് വിനേഷ് ഫോഗട്ട്. ഫൈനലിൽ അയോഗ്യയാക്കപ്പെട്ട് സ്വർണമെഡലിൽ മുത്തമിടാനായില്ലെങ്കിലും, രാജ്യം സ്വർണത്തിൽ അവരുടെ പേര് കൊരുത്ത് കഴിഞ്ഞു. പ്രതിസന്ധികളിൽ തളരാത്ത, പിന്മാറാത്ത പോരാളിയായി വിനേഷ് ഫോഗട്ട് എന്ന പേര് എന്നും ഓർക്കപ്പെടും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com