
ജുലാനയിൽ വിജയക്കൊടി ഉയർത്തി വിനേഷ് ഫോഗട്ട്. കന്നിയങ്കത്തിൽ നേടിയത് 6015 വോട്ടിൻ്റെ ഭൂരിപക്ഷം. ഗോദയിൽ എതിരാളികളെ മലർത്തിയടിക്കും പോലെ ജുലാനയിൽ ബിജെപിയെ മലർത്തിയടിക്കാൻ 6015 വോട്ടിൻ്റെ ഭൂരിപക്ഷം തന്നെ ധാരാളമായിരുന്നു. വോട്ടെണ്ണലിൻ്റെ പല ഘട്ടത്തിലും പിന്നിലാവുകയും, പിന്നീട് മുന്നിലെത്തുകയും ചെയ്ത താരം, വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ജുലാനയിൽ വിജയക്കൊടി ഉയർത്തിക്കെട്ടി.
ഓരോ തവണ പിന്നോട്ട് പോകുന്തോറും ഇന്ത്യൻ ജനതയുടെ ഉള്ളിലുണ്ടായ പ്രാർഥനകളുടെയും പിന്തുണയുടേയും നേർസാക്ഷ്യമാണ് ജുലാനയിൽ തെളിഞ്ഞു കണ്ടത്. രാഷ്ട്രീയ കരുനീക്കങ്ങൾ ശക്തമാക്കിയ ബിജെപി എയർ ഇന്ത്യയുടെ മുൻ പൈലറ്റായിരുന്ന യോഗേഷ് കുമാറിനെ കളത്തിലിറക്കിയാണ് പ്രതിരോധം തീർത്തത്. എന്നാൽ കരുനീക്കങ്ങളെ എല്ലാം തട്ടി നീക്കിക്കൊണ്ടാണ് വിനേഷ് ഫോഗട്ട് ജയിച്ചു കയറിയത്.
വിനേഷ് ഫോഗട്ട് 65,080 വോട്ടുകളാണ് നേടിയത്. തൊട്ടു പിന്നാലെ എത്തിയ ബിജെപിയുടെ യോഗേഷ് കുമാറിന് 59,065 വോട്ടുകളേ നേടാനായുള്ളൂ. മൂന്നാം സ്ഥാനക്കാരനായ ഇന്ത്യൻ നാഷണൽ ലോക് ദളിൻ്റെ സുരേന്ദർ ലാഥർ 10,158 വോട്ടുകളും നേടി. പാരിസ് ഒളിംപിക്സ് വേദിയിൽ കണ്ണീരായി മാറിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് ഇന്ത്യൻ ജനത നൽകിയ സ്വീകരണമാണ് കോൺഗ്രസ് നോട്ടമിട്ടത്. ബിജെപി സർക്കാരിൻ്റെ ഭരണവിരുദ്ധ വികാരം കൂടി ചേർത്ത് വച്ച് അതെങ്ങനെ വോട്ടാക്കി മാറ്റാമെന്നാണ് കോൺഗ്രസ് ലക്ഷ്യമിട്ടത്. വിനേഷിന് അന്ന് ലഭിച്ച സ്വീകാര്യത ഹരിയാനയിൽ വോട്ടായി മാറുമെന്ന കണക്കുകൂട്ടലാണ് കോൺഗ്രസിനെ തുണച്ചതും.
ഭരണവിരുദ്ധ വികാരം, ഗുസ്തി താരങ്ങളുടെയും കർഷകരുടെയും പ്രതിഷേധം, ജാട്ട് വിഭാഗത്തിന് ബിജെപിയോടുള്ള അതൃപ്തി എന്നിവയാണ് ഹരിയാന തെരഞ്ഞെടുപ്പിൽ ചർച്ചയായ പ്രധാന ഘടകങ്ങൾ. ഇതെല്ലാം ജുലാനയിൽ പ്രതിഫലിക്കപ്പെട്ടു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് വിനേഷ് ഫോഗട്ടിൻ്റെ ജയം. ഫലപ്രഖ്യാപനത്തിൻ്റെ പല ഘട്ടത്തിലും പിന്നിലാവുകയും, പിന്നീട് മുന്നിലെത്തുകയും ചെയ്ത താരം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മധുരപ്രതികാരമെന്നോണമാണ് വിജയിച്ചു കയറിയത്.
ഒളിംപിക് ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിൽ ചേർന്നത്. മത്സരത്തിൽ അയോഗ്യതയാക്കിയതിന് ശേഷം രാജ്യത്താകെ അലയടിച്ച വിഷയമായി വിനേഷ് ഫോഗട്ടിൻ്റെ പ്രശ്നം മാറിയിരുന്നു. ഇതും തെരഞ്ഞെടുപ്പ് വേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ടാണ് വിനേഷ് ഫോഗട്ടിൻ്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കപ്പെട്ടത്. കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്കും വിനേഷ് ഫോഗട്ട് കാലെടുത്തു വെച്ചത്.
ഒളിംപിക്സിൽ അയോഗ്യയാക്കിയതിന് പിന്നാലെ ഗോദയിൽ കണ്ണീരണഞ്ഞ് നിന്ന വിനേഷ് ഫോഗട്ടിൻ്റെ ചിത്രം ഇന്ത്യൻ ജനതയുടെ മനസിലെ ഉണങ്ങാത്ത മുറിവായിരുന്നു. എന്നാൽ ആ മുറിവിൽ കുത്തി നോവിക്കാനും ഒട്ടേറെ കരങ്ങൾ ഉയർന്നിരുന്ന കാഴ്ചയ്ക്കും ഇന്ത്യ സാക്ഷ്യം വഹിച്ചിരുന്നു. ഗുസ്തി ഫെഡറേഷൻ്റെ മുൻ മേധാവിയായ ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ട് ബിജെപിയുടെ കണ്ണിലെ കരടായത്. പിന്നീടങ്ങോട്ട് നിരന്തരമായ വേട്ടയാടലുകൾക്ക് വിനേഷ് ഫോഗട്ടും സഹപ്രവർത്തകരും ഇരയായി. അതിന് മറു മരുന്നെന്നോണമായി, ഒരു ചെറു മധുര പ്രതികാരമായി ജുലാനയിലെ വിജയത്തെ നമുക്ക് കാണാൻ സാധിക്കും.
ഒളിംപിക്സിൽ അയോഗ്യത കൽപ്പിക്കപ്പെട്ടതിനാൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിനേഷ് ഫോഗട്ടിനെ കാത്തിരുന്നത് ഇന്ത്യൻ ജനതയുടെ സ്‌നേഹത്തോടൊപ്പം, എതിരാളികളുടെ മുനവെച്ച ചില പരാമർശങ്ങൾ കൂടിയായിരുന്നു. ഒളിംപിക്സിൽ പങ്കെടുക്കാൻ വിനേഷ് തട്ടിപ്പ് കാണിച്ചെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയുടെ ഫലമായാണ് മെഡൽ നഷ്ടമായതെന്നുമായിരുന്നു ബ്രിജ് ഭൂഷൻ്റെ പക്ഷം. ഇത്തരം പരാമർശങ്ങൾക്ക് മറുപടിയുമായി ബജ്‌രംഗ് പൂനിയ രംഗത്തെത്തിയിരുന്നു.
"അവളുടെ നഷ്ടത്തിൽ ബ്രിജ്ഭൂഷൺ ആഹ്ലാദിക്കുകയാണ് ചെയ്തത്. അത് വിനേഷിൻ്റെ മെഡൽ ആയിരുന്നില്ല. 140 കോടി ഇന്ത്യക്കാരുടെയും മെഡലായിരുന്നു. ബ്രിജ്ഭൂഷണിൻ്റെ പരാമർശങ്ങൾ രാജ്യത്തോടുള്ള അദ്ദേഹത്തിൻ്റെ മാനസികാവസ്ഥയെ ആണ് തുറന്നുകാട്ടുന്നത്" എന്നായിരുനനു ബജ്‌രംഗ് പുനിയ പറഞ്ഞത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ പോകുമെന്ന അഭ്യൂഹങ്ങൾക്കിടെ, ഔദ്യോഗിക സ്ഥിരീകരണം കൂടി വന്നതോടെ ആരോപണങ്ങൾക്ക് മൂർച്ച കൂട്ടി ബിജെപി വീണ്ടും രംഗത്തെത്തിയിരുന്നു.
കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ വിനേഷ് ഫോഗട്ട് റെയിൽവേയിലെ ജോലി രാജി വെച്ചിരുന്നു. എന്നാൽ ആ തീരുമാനത്തിന് തുരങ്കം വയ്‌ക്കുന്ന നിലപാടാണ് റെയിൽവേ സ്വീകരിച്ചത്. രാജി അംഗീകരിക്കാൻ സാധിക്കില്ലെന്നായിരുന്നു റെയിൽവേ നൽകിയ വിശദീകരണം. രാജി അംഗീകരിക്കാത്ത പക്ഷം കോൺഗ്രസ് അംഗത്വമെടുക്കാനോ, തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ പറ്റില്ലെന്നും റെയിൽവേ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വന്നതിന് പിന്നാലെ സമ്മർദത്തിന് വഴങ്ങി റെയിൽവേ രാജി അംഗീകരിക്കുകയായിരുന്നു.
ഇതോടെ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിനുള്ള എല്ലാ തടസങ്ങളും ഇല്ലാതാവുകയായിരുന്നു. ഗുസ്തി താരങ്ങളോട് കാണിച്ച അവഗണനയ്‌ക്കെതിരെ ഉയർന്നു വന്ന ശബ്ധങ്ങളുടെ മേലുള്ള പരിപൂർണ വിജയമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രകടമായത്. മധുര പ്രതികാരമെന്നോണം ഓരോ കായിക പ്രേമിയും, അതിലുപരി ഓരോ ഇന്ത്യക്കാരനും ആഗ്രഹിച്ച വിജയം കൂടിയാണ് വിനേഷ് ഫോഗട്ടിൻ്റേത്. തനിക്കെതിരെ ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും പ്രതിഷേധങ്ങൾ പെണ്‍മക്കള്‍ക്ക് വേണ്ടി ആയിരുന്നില്ല, മറിച്ച് രാഷ്ട്രീയത്തിന് വേണ്ടിയായിരുന്നുവെന്ന് തെളിഞ്ഞുവെന്നായിരുന്നു ബ്രിജ് ഭൂഷൻ്റെ പക്ഷം. ആ വാക്കുകളെല്ലാം തെറ്റാണെന്ന് തെളിയിക്കപ്പെടുമെന്ന് ആർജവത്തോടെ തുറന്നു പറയാൻ സാധിച്ച ധൈര്യത്തിന് ജുലാന നൽകിയ മറുപടിയാണ് ഈ വിജയം.