ദളിത‍ർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു; കണക്കുകൾ ശരിവെച്ച് കേന്ദ്രം

രാജ്യസഭയിലാണ് കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവലെ കണക്കുകൾ ശരിവച്ചത്
രാംദാസ് അത്താവാലെ
രാംദാസ് അത്താവാലെ
Published on

ദളിത‍ർക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് കൂടുന്നുവെന്ന് തുറന്നു സമ്മതിച്ച് കേന്ദ്രസർക്കാർ. രാജ്യസഭയിലാണ് കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവാലെ കണക്കുകൾ ശരിവെച്ചത്. രാജസ്ഥാനിൽ ദളിത് വിരുദ്ധ അതിക്രമം ഇരട്ടിയായി വർധിച്ചു. ദളിതർക്കെതിരായ അതിക്രമത്തിൽ മുന്നിൽ ഉത്തർപ്രദേശാണെന്നും, ആദിവാസികൾക്കെതിരായ അതിക്രമങ്ങളിൽ മധ്യപ്രദേശിൻ്റെ റെക്കോർഡ് നില കൂടിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പഞ്ചാബിൽ നിന്നുള്ള ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് രാജ്യസഭയിൽ കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവാലെ രാജ്യത്തെ ദളിത് വിരുദ്ധ അക്രമങ്ങൾ വർധിച്ച കാര്യം തുറന്നു സമ്മതിച്ചത്. രാജ്യത്താകമാനം പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം 2018ൽ 42,793 ആയിരുന്നത്, 2022ൽ 57,571 ആയി വ‍ർധിച്ചുവെന്ന് കേന്ദ്രസഹമന്ത്രി വ്യക്തമാക്കി. 2018ൽ ആദിവാസികൾക്കെതിരെ രാജ്യത്താകമാനം രജിസ്റ്റർ ചെയ്യപ്പെട്ടത് 6,528 അതിക്രമങ്ങളാണെങ്കിൽ 2022ൽ അത് 11,664 ആയി വ‍ർധിച്ചു.

രാജസ്ഥാനിലെ ദളിത് വിരുദ്ധ അതിക്രമം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയായി വർധിച്ചു. പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങൾ രാജസ്ഥാനിൽ 2018ൽ 4,607 ആയിരുന്നത് 2022ൽ‌ 8,752 ആയി ഉയർന്നു. ആദിവാസികൾക്കെതിരായ പീഡനം 2018ൽ 1,905 ആയിരുന്നത് 2,521 ആയി. മുൻ‌ വർഷങ്ങളെ അപേക്ഷിച്ച് മധ്യപ്രദേശിലെ പട്ടികവർഗ പീഡനനിരക്ക് റെക്കോ‍ർഡ് നിലയിലാണ്. 2018ൽ മധ്യപ്രദേശിൽ 1,868 ആയിരുന്നത് 2022ൽ 2,979 ആയി മാറി.

സർക്കാർ കണക്കുപ്രകാരം ദളിത് വിരുദ്ധ അതിക്രമം ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ. യുപിയിൽ ദളിതർക്കെതിരായ അക്രമങ്ങൾ 11,924 ആയിരുന്നത് 2022ൽ 15,368 ആയി വർധിച്ചു. അതേസമയം ബിഹാറിലെ ദളിത് പീഡന നിരക്കിൽ ചെറിയ കുറവുണ്ട്. മഹാരാഷ്ട്രയിൽ മുൻ വർഷത്തേക്കാൾ നേരിയ വർധനവ് മാത്രമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

പട്ടികജാതി- വർ​ഗ വിഭാ​ഗങ്ങൾക്കെതിരായ അതിക്രമം ഗൗരവമായും ക്രമസമാധാന പ്രശ്നമായും ആണ് സർക്കാർ കണക്കാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് ഇതിൽ വലിയ ഉത്തരവാദിത്തമുണ്ട്. എസ്.സി- എസ്.ടി അട്രോസിറ്റീസ് ആക്ട് കർശനമായി നടപ്പാക്കപ്പെടണം. പൊലീസ് ട്രെയിനിങ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ഇത്തരം അതിക്രമങ്ങളിലും പരാതികളിലും നീതിനിർവഹണം കുറ്റമറ്റതാക്കാൻ പൊലീസിന് പ്രത്യേക ക്ലാസുകൾ നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com