
മണിപ്പൂർ കുക്കി വിഭാഗം നേതാവിൻ്റെ വീട്ടിൽ അജ്ഞാതരായ ആയുധധാരികൾ അതിക്രമിച്ചു കയറിയതായി പരാതി. കുടുംബത്തെ ആക്രമിച്ചതിനെ തുടർന്ന് അസം റൈഫിൾസിനോടും പൊലീസിനോടും പരാതിപ്പെടുകയായിരുന്നു. ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറത്തിൻ്റെ പ്രസ്താവനയിൽ നിന്നാണ് വിവരങ്ങൾ പുറത്ത് വരുന്നത്.
ആയുധധാരികളായ ചിലർ കുക്കി ഗോത്രവർഗത്തിലുൾപ്പെടുന്ന മുവാൻ ടോംബിംഗിനെ അന്വേഷിച്ചെത്തിയിരുന്നതായും കാണാതെ വന്നതിനെ തുടർന്ന് വീട്ടുകാരെ അക്രമിക്കുകയുമുണ്ടായി.
കഴിഞ്ഞ ദിവസം മറ്റൊരു സിവിൽ സൊസൈറ്റി ഗ്രൂപ്പ് മേധാവിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്‌തിരുന്നു. കൂടാതെ ഇതേ ജില്ലയിൽ തന്നെ സിങ്ഗട്ട് എംഎൽഎ ചിൻലുന്താങ്ങിൻ്റെ വീടിനു നേരെയും വെടിവെയ്പ്പുണ്ടായി. എന്നാൽ ആ സമയത്ത് വീട്ടിൽ ആരുമില്ലാത്തത് വലിയ അപകടം ഒഴിവാക്കി.
കാര്യങ്ങൾ കൈവിട്ടു പോകുന്നതിന് മുമ്പ് പട്ടണത്തിലെ താമസക്കാരെ തുടർച്ചയായി ആക്രമിക്കുന്നതിൽ നടപടിയെടുക്കാനും ആവശ്യമായ മുൻകരുതലുകളെടുക്കാനും നിയമ നിർവഹണ ഏജൻസിയോട് ആവശ്യപ്പെട്ടതായി ഗോത്രവിഭാഗത്തിലെ ആളുകൾ അറിയിച്ചു. കൂടാതെ മണിപ്പൂരിൽ പ്രത്യേക ഭരണം രൂപീകരിക്കണമെന്ന ഐടിഎൽഎഫിൻ്റെ ആവശ്യത്തെ കുക്കി ഗ്രൂപ്പുകൾ പിന്തുണയ്ക്കുന്നുണ്ട്.