
വയനാട് മേപ്പാടിയിൽ 71കാരൻ്റെ ജീവനെടുത്ത കാട്ടനയെ ഉൾവനത്തിലേക്ക് തുരത്താനുള്ള ദൗത്യം തുടരുന്നു. അക്രമകാരിയായ കാട്ടാനയെ ഇന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്താനായില്ല. കുങ്കി ആനകളുടെ സാന്നിധ്യം മനസിലാക്കി വന മേഖലയിലേക്ക് മാറിയതാകാമെന്നാണ് നിഗമനം. നാളെ രാവിലെ കുങ്കി ആനകളെ വച്ചുള്ള തെരച്ചിൽ പുനരാരഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 3 ടീമുകളായ പൂളക്കുന്ന്, കടൂർ, ഇളമ്പലേരി, പുഴമൂല എന്നിവിടങ്ങളിലായിരുന്നു ഇന്ന് തെരച്ചിൽ നടത്തിയത്.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാട്ടാന ഇറങ്ങാൻ സാധ്യത ഉള്ള ജനവാസ മേഖലകളിൽ വാഹന പെട്രോളിങ് ശക്തമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മുത്തങ്ങയിൽ നിന്നുള്ള വിക്രമൻ, സുരേന്ദ്രൻ, എന്നീ കുങ്കിയാനകളെയാണ് ദൗത്യത്തിനായി കൊണ്ടുവന്നത്. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് എരുമക്കൊല്ലി ഊരിലെ കാട്ടാന ആക്രമണത്തെ തുടർന്ന് പൂളക്കുന്ന് കോളനിയിലെ അറുമുഖൻ കൊല്ലപ്പെട്ടത്. ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങി വരികായായിരുന്ന അറുമുഖനെ തേയില തോട്ടത്തിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. ഇയാൾ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ അറുമുഖൻ 10 വർഷമായി പൂളക്കുന്നിലാണു താമസിക്കുന്നത്.
അറുമുഖൻ കൊല്ലപ്പെട്ടതിന് പിന്നാലെ നൂൽപുഴയിൽ വീടിന് നേരെ കാട്ടാനയാക്രമണം ഉണ്ടായി. വീടിന് പുറത്തിറങ്ങിയ ബെന്നിക്കു നേരെ കാട്ടാന പാഞ്ഞടുക്കുകയും ചെയ്തു. തോൽപ്പെട്ടിയിലും കാട്ടാന സാന്നിധ്യമുണ്ടായി. തോൽപ്പെട്ടി ചെക്ക് പോസ്റ്റിനു സമീപം റോഡരികിലായി നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർത്തു. കാട്ടാന ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് വനം വകുപ്പ് അടിയന്തര നടപടികൾ കൈക്കൊണ്ടത്.