ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന: പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു, ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും

ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതോടെയാണ് അടിയന്തരമായി റിപ്പോർട്ട് നൽകിയത്
ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന: പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു, ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും
Published on

നടൻ ദിലീപ് അടക്കം ചിലർക്ക് ശബരിമല സന്നിധാനത്ത് വിഐപി പരിഗണനയിൽ ദർശനത്തിന് അവസരമൊരുക്കിയതിൽ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതോടെയാണ് അടിയന്തരമായി റിപ്പോർട്ട് നൽകിയത്. ആർക്കും പ്രത്യേക പരിഗണന നൽകാൻ പറ്റില്ലെന്ന് കോടതി ഇന്ന് വിമർശിച്ചിരുന്നു.

ശബരിമല ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. സംഭവത്തിൽ ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷണം നടത്തി. പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് അടക്കമുള്ളവർ ദർശനത്തിന് എത്തിയതെന്ന് വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മണിക്കൂറുകൾ ക്യൂ നിന്ന് വരുന്ന ഭക്തരെയെല്ലാം മറികടന്നാണ് താരം വിഐപി ദർശനം നടത്തിയത്. പ്രത്യേക ആനുകൂല്യം ആർക്കും നൽകരുതെന്നും ഇത്തരം നടപടികൾ കോടതിയലക്ഷ്യമാണെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

സിസിടിവി ദ്യശ്യങ്ങളും നാളെ നൽകും. വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും. ആരൊക്കെ ഹരിവരാസന സമയത്ത് ഉണ്ടെന്നത് റിപ്പോർട്ടിൽ ഉൾപ്പെടുത്തും. വ്യാഴാഴ്ച വൈകിട്ടാണ് ദിലീപും സംഘവും ശബരിമലയിൽ പ്രത്യേക പരിഗണനയിൽ ദർശനം നടത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com