ബോബി ചെമ്മണ്ണൂരിന് ജയിലിൽ VIP പരിഗണന; ഡിഐജിക്കൊപ്പം മൂന്ന് സഹായികൾ കാണാനെത്തി

ഡിഐജി അജയകുമാറിനൊപ്പം ബോബി ചെമ്മണ്ണൂരിൻ്റെ മൂന്ന് സഹായികളും ഉണ്ടായിരുന്നു. അജയകുമാർ എത്തിയത് ബോബി ചെമ്മണ്ണൂരിന് വേണ്ട സഹായം ജയിലിൽ ഒരുക്കി കൊടുക്കാനാണെന്നും ആക്ഷേപമുയരുന്നുണ്ട്
ബോബി ചെമ്മണ്ണൂരിന് ജയിലിൽ VIP പരിഗണന; ഡിഐജിക്കൊപ്പം മൂന്ന് സഹായികൾ കാണാനെത്തി
Published on

ബോബി ചെമ്മണ്ണൂരൂമായി ജയിൽ ഡിഐജി കൂടിക്കാഴ്ച നടത്തിയത് വിവാദത്തിൽ. കഴിഞ്ഞ ശനിയാഴ്ചയാണ് ഡിഐജി അജയകുമാർ ബോബി ചെമ്മണ്ണൂരിനെ ജയിലിൽ എത്തി സന്ദർശിച്ചത്. ബോബി ചെമ്മണ്ണൂരിൻ്റെ മൂന്ന് സഹായികളും ഡിഐജി അജയകുമാറിനൊപ്പം ഉണ്ടായിരുന്നു. അജയകുമാർ എത്തിയത് ബോബി ചെമ്മണ്ണൂരിന് വേണ്ട സഹായം ജയിലിൽ ഒരുക്കി കൊടുക്കാനാണെന്നും ആക്ഷേപമുയരുന്നുണ്ട്. അജയകുമാർ എത്തിയ ശേഷം ബോബി ചെമ്മണ്ണൂരിൻ്റെ പേരിൽ ജയിലിൽ ഫോൺ ചെയ്യാൻ 200 രൂപ എഴുതി ചേർത്തു. സ്പെഷ്യൽ ബ്രാഞ്ച് കാക്കനാട് ജില്ലാ ജയിൽ അധികാരികളിൽ നിന്ന് പൊലീസ് ഇത് സംബന്ധിച്ച വിവരങ്ങൾ തേടിയിട്ടുണ്ട്.

അതേസമയം, ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ജാമ്യം അനുവദിക്കാനുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് വൈകീട്ട് 3.30ന് പുറത്തുവിടും. ജാമ്യോപാധികൾ ഉത്തരവിൽ വ്യക്തമാക്കും. കാക്കനാട് ജില്ലാ ജയിലിലുള്ള ബോബി ചെമ്മണ്ണൂരിന് ഇന്ന് തന്നെ പുറത്തിറങ്ങാൻ സാധിച്ചേക്കും.

കേസ് പരിഗണിക്കുന്നതിനിടെ ഹണി റോസിനെതിരെ ദ്വയാ‍ർഥ പ്രയോ​ഗം നടത്തിയിട്ടില്ല എന്ന് എങ്ങനെ പറയാനാകും എന്ന് കോടതി ചോദിച്ചു. മെറിറ്റിൽ കേസ് വാദിച്ചാൽ അംഗീകരിക്കാൻ ആവില്ല. ഹർജിയിൽ നടിയെ വീണ്ടും അപമാനിക്കുന്നുണ്ടല്ലോയെന്നും കോടതി പറഞ്ഞു. ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്നും കോടതി വിശദമാക്കി. കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു. ബോബി സ്ഥിരമായി ഇത്തരം പരമാർശങ്ങൾ നടത്തുന്നയാളാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com