അധ്യാപികയും വിദ്യാർഥിയും ക്ലാസ് മുറിയിൽ വിവാഹിതരായി; വീഡിയോ വൈറലായതോടെ പഠനത്തിൻ്റെ ഭാഗമെന്ന് വിശദീകരണം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ, ഒരാൾ വിദ്യാർഥിയെ ഹൽദി പുരട്ടുന്നതും ഹിന്ദു വിവാഹ ആചാരപ്രകാരം, ഇരുവരും മാലകൾ അണിയിക്കുന്നതും, അഗ്നിയെ സൂചിപ്പിക്കുന്ന മെഴുകുതിരിക്ക് ചുറ്റും വലം വയ്ക്കുന്നതും കാണാം
അധ്യാപികയും വിദ്യാർഥിയും ക്ലാസ് മുറിയിൽ വിവാഹിതരായി; വീഡിയോ വൈറലായതോടെ പഠനത്തിൻ്റെ ഭാഗമെന്ന് വിശദീകരണം
Published on

പശ്ചിമ ബംഗാളിൽ കോളേജ് അധ്യാപിക വിദ്യാർഥിയെ ക്ലാസ് മുറിയിൽ വെച്ച് വിവാഹം കഴിക്കുന്നതിൻ്റെ നിരവധി വീഡിയോകൾ വൈറലാകുകയാണ്. ഹൽദി ആഘോഷത്തിൻ്റെയും വരണമാല്യം അണിയിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി വൈറലായതോടെ പഠനത്തിൻ്റെ ഭാഗമെന്നാണ് അധ്യാപികയുടെ വിശദീകരണം.



കൊൽക്കത്തയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള നാദിയയിലെ ഹരിംഗട്ട ടെക്‌നോളജി കോളേജിലെ സൈക്കോളജി വിഭാഗത്തിലാണ് സംഭവം നടന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മൗലാന അബുൽ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയുടെ കീഴിലാണ് കോളേജ് പ്രവർത്തിക്കുന്നത്.

കോളേജിലെ സൈക്കോളജി അധ്യാപികയായ പ്രൊഫസർ പായൽ ബാനർജി വിവാഹ വസ്ത്രവും മാലയും ധരിച്ച് നിൽക്കുന്നതും വീഡിയോകളിൽ കാണാം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ, ഒരാൾ വിദ്യാർഥിയെ ഹൽദി പുരട്ടുന്നതും ഹിന്ദു വിവാഹ ആചാരപ്രകാരം, ഇരുവരും മാലകൾ അണിയിക്കുന്നതും, അഗ്നിയെ സൂചിപ്പിക്കുന്ന മെഴുകുതിരിക്ക് ചുറ്റും വലം വയ്ക്കുന്നതും കാണാം. വിദ്യാർഥി അധ്യാപികയുടെ മുടിയിൽ സിന്ദൂരം അണിയിക്കുന്നതിൻ്റെയും റോസാപ്പൂ നൽകുന്നതിൻ്റെയും ദൃശ്യങ്ങളുമുണ്ട്.

എന്നാൽ, ദൃശ്യങ്ങൾ വൈറലായതോടെ ഇത് യഥാർഥ വിവാഹമായിരുന്നില്ലെന്നും, പഠനാവശ്യത്തിൻ്റെ ഭാഗമായിരുന്നെന്നും പായൽ ബാനർജി വിശദീകരണം നൽകി. പരസ്‌പരം ജീവിതപങ്കാളിയായി സ്വീകരിച്ചുകൊണ്ട് പ്രൊഫസറും വിദ്യാർത്ഥിയും ഒപ്പിട്ട ഒരു യൂണിവേഴ്‌സിറ്റി ലെറ്റർഹെഡും വൈറലായിട്ടുണ്ട്. ഇവരുടെ ഭാഗത്ത് നിന്നും മൂന്ന് സാക്ഷികളുടെ ഒപ്പും ഇതിലുണ്ട്.

സംഭവത്തിൽ അന്വേഷണത്തിനായി അധ്യാപികയെ കോളേജ് അധികൃതർ അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനായി അധികൃതർ മൂന്നംഗ പാനലിനെ നിയോഗിച്ചിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്താതെ നടപടിയെടുക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com