വിരമിക്കാൻ സമയമായിട്ടില്ല, ഫോം തിരിച്ചുപിടിക്കണം; ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങി കിങ് കോഹ്‌ലി
അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ കഴിഞ്ഞ 12 വർഷത്തിനിടയിൽ ആദ്യമായി വിരാട് കോഹ്‌ലി ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ 25ൽ നിന്ന് പുറത്തായത് കഴിഞ്ഞ ദിവസമാണ്. ന്യൂസിലൻഡിനും ഓസ്ട്രേലിയക്കും എതിരായ ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യയുടെ സീനിയർ താരത്തിൽ പ്രതീക്ഷയ്ക്ക് വിപരീതമായ പ്രകടനങ്ങളാണ് കണ്ടത്. രണ്ട് പരമ്പരകളിലും ടീമിൻ്റേയും മൊത്തം പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.
ഇർഫാൻ പത്താനെ പോലുള്ള മുൻ താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാർ സംസ്കാരം മാറണമെന്നും സീനിയർ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ മത്സരിക്കണമെന്നും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു. ഓസീസ് പര്യടനത്തിന് പിന്നാലെ കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.
എന്നാൽ ഫോം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിൽ കൌണ്ടി ക്രിക്കറ്റ് കളിക്കാൻ തയ്യാറെടുക്കുകയാണ് വിരാട് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകൾക്ക് മുന്നോടിയായി ഫോമിലേക്ക് തിരിച്ചെത്തുകയാണ് താര രാജാവിൻ്റെ ലക്ഷ്യമെന്ന് വ്യക്തമാണ്.
ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ നടന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ ഒരു മത്സരത്തിലൊഴികെ മറ്റെല്ലാം അമ്പേ പരാജയമായിരുന്നു കിങ് കോഹ്‌ലി. ബുധനാഴ്ച പുറത്തുവന്ന ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ മൂന്ന് സ്ഥാനം താഴേക്കിറങ്ങിയ കോഹ്‌ലി 27ാം സ്ഥാനക്കാരനായി മാറിയിരുന്നു.
അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ 190 റൺസ് മാത്രമാണ് വിരാട് അടിച്ചെടുത്തത്. എട്ട് തവണയും ഓഫ് സ്റ്റംപിന് പുറത്തെ പന്തിൽ ബാറ്റ് വെച്ച് പുറത്തായെന്ന നാണക്കേടിനും മുൻ ഇന്ത്യൻ നായകൻ ഇരയായിരുന്നു. ഇതിന് മുമ്പ് 2012 ഡിസംബറിൽ 36ാം റാങ്ക് വരെയെത്തിയതാണ് ഇതിഹാസ താരത്തിൻ്റെ കരിയറിലെ ഏറ്റവും മോശം പ്രകടനം.

