ടെസ്റ്റിനോട് ബൈ പറഞ്ഞ് കിങ്; പടിയിറങ്ങുന്നത് ഇതിഹാസം

ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും താരം വിട്ടുനിൽക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ടെസ്റ്റിനോട് ബൈ പറഞ്ഞ് കിങ്; പടിയിറങ്ങുന്നത് ഇതിഹാസം
Published on

ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ വിരാട് കോ‌ഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം കരിയറിലെ നിർണായക പ്രഖ്യാപനം നടത്തിയത്. ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും കോ‌ഹ്‌ലി വിട്ടുനിൽക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മധ്യനിരയിൽ പരിചയസമ്പന്നനായൊരു താരത്തിൻ്റെ വലിയ വിടവുണ്ടാക്കിയാണ് കോഹ്‌ലി റെഡ് ബോൾ ക്രിക്കറ്റിനോട് ബൈ പറഞ്ഞിരിക്കുന്നത്.

രണ്ടാഴ്ച മുമ്പാണ് കോഹ്‌ലി വിരമിക്കാനുള്ള താൽപ്പര്യം ബിസിസിഐയെ അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിസിസിഐ സെലക്ടർമാരും സീനിയർ ക്രിക്കറ്റ് താരങ്ങളുമടക്കം തിരുത്താൻ ഇടപെട്ടിട്ടും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള താൽപ്പര്യത്തിൽ വിരാട് ‌കോ‌ഹ്‌ലി ഉറച്ചുനിൽക്കുകയായിരുന്നു. ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് പര്യടനത്തിനായി പങ്കെടുക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

തുടർന്നാണ് തിങ്കളാഴ്ച ഉച്ചയോടെ സോഷ്യൽ മീഡിയയിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇനി കോ‌ഹ്‌ലിയുടെ ചേതോഹര ബാറ്റിങ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഏകദിന ക്രിക്കറ്റിൽ മാത്രമെ കാണാനാകൂ. പ്രഖ്യാപനം ക്രിക്കറ്റ് ആരാധകരെ കടുത്ത നിരാശയിലേക്ക് തള്ളിയിടുന്നതാണ്.

രോഹിത് ശർമ വിരമിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 36 പിന്നിട്ട വിരാടിന് ഗൗതം ഗംഭീറിൻ്റെ ടീമിൽ ഇനിയും തുടരാനാകില്ല എന്നൊരു ചിന്തയും ഉടലെടുത്തിട്ടുണ്ടാകാം. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലും ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ദയനീയ പ്രകടനമായിരുന്നു കോ‌ഹ്‌ലിയുടേത്. ഇതാകാം തിരക്കുപിടിച്ചുള്ള ഈ തീരുമാനത്തിന് പിന്നിലെന്നാണ് ക്രിക്കറ്റ് നിരൂപകർ ചൂണ്ടിക്കാട്ടുന്നത്.

കോഹ്‌ലിയുടെ റിട്ടയർമെൻ്റ് കുറിപ്പ്:

"ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ഇന്ത്യയുടെ ബാഗി ബ്ലൂ തൊപ്പി ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ ഇത്രയുംനാൾ കൊണ്ടുപോകുമെന്ന് ഞാൻ ഒരിക്കൽ പോലും കരുതിയിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റ് എന്നെ നിരന്തരം പരീക്ഷിച്ചു, എന്നെ രൂപപ്പെടുത്തി, ജീവിതകാലം മുഴുവൻ ഗുണകരമാകുന്ന പാഠങ്ങൾ പഠിപ്പിച്ചു.

ടെസ്റ്റിലെ വെള്ള ജേഴ്സിയിൽ കളിക്കുന്നതിനോട് വ്യക്തിപരമായി എനിക്കെന്തോ ഒരു വലിയ അടുപ്പമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൻ്റേതായ സംഘർഷങ്ങൾ, നീണ്ട ദിവസങ്ങൾ, ആരും കാണാത്ത ചെറിയ നിമിഷങ്ങൾ, അവയെല്ലാം എന്നേക്കും നിങ്ങളോടൊപ്പം നിലനിൽക്കും.

ഈ ഫോർമാറ്റിൽ നിന്ന് ഞാൻ പിൻമാറുമ്പോൾ, അത് ഒട്ടും എളുപ്പമല്ല. പക്ഷേ അതാണ് ശരിയെന്ന് എനിക്ക് തോന്നുന്നുണ്ട്. എനിക്കുള്ളതെല്ലാം ഞാൻ അതിന് നൽകിയിട്ടുണ്ട്, എനിക്ക് പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ അത് എനിക്ക് തിരികെ നൽകി.

ഈ ഗെയിമിനോടും, ഒപ്പം കളിച്ചവരോടും, വഴിയിൽ എന്നെ കണ്ടതായി തോന്നിപ്പിച്ച ഓരോ വ്യക്തികളോടുമുള്ള നിറഞ്ഞ കൃതാർത്ഥതയോടെയാണ് ഞാൻ തിരികെ നടക്കുന്നത്. എന്റെ ടെസ്റ്റ് കരിയറിലേക്ക് ഞാൻ എപ്പോഴും ഒരു പുഞ്ചിരിയോടെ തന്നെ തിരിഞ്ഞുനോക്കും.

#269, നിർത്തുന്നു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com