
ഇന്ത്യ-പാകിസ്ഥാൻ ചാംപ്യൻസ് ട്രോഫി മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി സെലിബ്രേഷൻ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. "ഞാനിവിടെ ഉള്ളിടത്തോളം നിങ്ങളാരും ഭയപ്പെടേണ്ട" എന്ന അർഥത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിൽ പ്രശസ്തമായ 'CALMA CALMA' സെലിബ്രേഷനാണ് കോഹ്ലി ദുബായിൽ നടത്തിയത്.
ഇതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോൾ ഓർഗനൈസേഷനായ ഫിഫയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് കോഹ്ലിയേയും ക്രിസ്റ്റ്യാനോയേയും താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു ചിത്രം പ്രത്യക്ഷപ്പെട്ടത്. നിർണായക മത്സരങ്ങളിൽ തിളങ്ങുന്ന CR7ഉം VK18ഉം കിങ്ങുകളാണെന്നാണ് 'ഫിഫ വേൾഡ് കപ്പ്' എന്ന പേജിൽ വന്ന അഭിനന്ദനം.
എത്ര വിമർശനങ്ങളേറ്റാലും ടീമിന് അത്യാവശ്യം വരുന്ന ഹൈ വോൾട്ടേജ് മത്സരങ്ങളിൽ തിളങ്ങുന്നത് പതിവാക്കിയവരാണ് റൊണാൾഡോയും കോഹ്‌ലിയും. ഇരുവരേയും "രാജാക്കന്മാർ" എന്നാണ് ഫിഫ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യ-പാക് മത്സരവേദിയിലെ കാണികളുടെ ആവേശം പകർത്തിയ വീഡിയോയും ഫിഫയുടെ ഈ പേജിൽ പങ്കുവെച്ചിട്ടുണ്ട്.
ക്രിക്കറ്റിൻ്റെ 'ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' അഥവാ GOAT ആണ് വിരാട് കോഹ്‌ലി. ഫുട്ബോളിൽ നിലവിലുള്ള താരങ്ങളിൽ ഈ ബഹുമതിക്ക് അർഹരായവരിൽ പ്രധാനിയാണ് ക്രിസ്റ്റ്യാനോയും.
കോഹ്ലിയും ക്രിസ്റ്റ്യാനോയും ഇതിഹാസങ്ങളാണെന്നും ഇരുവരും ഗോട്ടുകളാണെന്നും നിരവധി ഇന്ത്യൻ ആരാധകർ ഫോട്ടോയ്ക്ക് താഴെ കമൻ്റിടുന്നുണ്ട്. നിരവധി ദേശീയ മാധ്യമങ്ങളും സ്പോർട്സ് ചാനലുകളും ഈ പോസ്റ്റ് വാർത്തയാക്കിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ് വിരാട് കോഹ്‌ലി.
പോർച്ചുഗീസ് ഇതിഹാസ താരത്തിൻ്റെ അഗ്രഷനും വർക്കൗട്ട് രീതികളും സെൽഫ് മോട്ടിവേഷൻ രീതികളും കോഹ്ലിയുടെ ജീവിതത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. നാൽപ്പതാം വയസിലും അൽ നസറിൻ്റെ സ്ട്രൈക്കറായ ക്രിസ്റ്റ്യാനോ ലോകത്തേറ്റവുമധികം ആരാധകരുള്ള കായിക താരങ്ങളിലൊരാളാണ്.