യുകെയില്‍ വിസ റാക്കറ്റ്; തട്ടിപ്പിന് ഇരയായവരിൽ ഏറെയും ഇന്ത്യന്‍ വിദ്യാർഥികള്‍

പിരമിഡ് സ്കീം പോലെ പ്രവർത്തിക്കുന്ന ആഗോള തട്ടിപ്പ് സംഘങ്ങളാണ് വിദ്യാർഥികള്‍ക്കുവേണ്ടി വലവിരിക്കുന്നത്. ഇന്ത്യ, നൈജീരിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ വിദ്യാർഥികളാണ് ഈ തട്ടിപ്പില്‍പ്പെട്ടിരിക്കുന്നത്
യുകെയില്‍ വിസ റാക്കറ്റ്; തട്ടിപ്പിന് ഇരയായവരിൽ ഏറെയും ഇന്ത്യന്‍ വിദ്യാർഥികള്‍
Published on

മലയാളികൾ ഉൾപ്പെടെ വഞ്ചിക്കപ്പെടുന്ന യുകെയിലെ വിസ റാക്കറ്റിനെ പുറത്തുകൊണ്ടുവന്ന് ബിബിസി. സൗജന്യമായ വിസ സേവനങ്ങൾക്കുപോലും വലിയ തുക ഈടാക്കി വ്യാജ വിസ വില്‍ക്കുന്ന അനധികൃത ഏജൻസികളെക്കുറിച്ചുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. തട്ടിപ്പിന് ഇരയായവരിൽ ഏറെയും ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളാണ്.

ജീവിതം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യവുമായാണ് പല വിദ്യാർഥികളും യുകെയിലേക്ക് എത്തുന്നത്. ഉയർന്ന ട്യൂഷനും ജീവിതചെലവുകളും താങ്ങാനാകാതെ തൊഴിലിലേക്ക് തിരിയുന്നവരുമുണ്ട്. രോഗികളെ പിരിചരിക്കുന്ന ജോലിയാണ് ഇങ്ങനെയുള്ള ഏറെപ്പേർക്കും ലഭിക്കുന്നത്. വീടും സ്ഥലവും പണയം വെച്ച തുകയുമായി ബ്രിട്ടനിൽ എത്തുന്നവരില്‍ പലരും തൊഴിൽ റാക്കറ്റുകളുടെ വലയിലാണ്.


പിരമിഡ് സ്കീം പോലെ പ്രവർത്തിക്കുന്ന ആഗോള തട്ടിപ്പ് സംഘങ്ങളാണ് വിദ്യാർഥികള്‍ക്കുവേണ്ടി വലവിരിക്കുന്നത്. ഇന്ത്യ, നൈജീരിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ വിദ്യാർഥികളാണ് ഈ തട്ടിപ്പില്‍പ്പെട്ടിരിക്കുന്നത്. ബിബിസി നടത്തിയ അന്വേഷണത്തില്‍, വെസ്റ്റ് മിഡ്‌ലാൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന ഒരു സംഘം വിറ്റ 141 അനധികൃത വിസാ രേഖകളാണ് കണ്ടെത്തിയത്. ഇതില്‍ 86 പേരുടെ വിസ തള്ളപ്പെട്ടു. 55 പേർ വിസ നേടിയെങ്കിലും ജോലി ലഭിച്ച സ്ഥാപനങ്ങള്‍ പണിയില്ലെന്നു പറഞ്ഞ് കെെമലർത്തി.

ഒരാളില്‍ നിന്ന് 10,000 മുതല്‍ 20,000 പൗണ്ടുവരെ വാങ്ങിയാണ്, സ്പോർസർഷിപ്പ് സർട്ടിഫിക്കറ്റും, കമ്പനിയുടെ ഓഫർ ലെറ്ററായ സി.ഒ.എസ്സും അടക്കമുള്ള രേഖകള്‍ നല്‍കിയിരുന്നത്. സൗജന്യമായി ലഭിക്കേണ്ട രേഖകളാണിവ. 132 കോടി രൂപയ്ക്കു തുല്യമായ 12 ലക്ഷം പൗണ്ടിന്‍റെ തട്ടിപ്പാണ് ഈ ഒരു സംഘം മാത്രം നടത്തിയിരുക്കുന്നത്.


പിഡിഎഫ് ഫയലുകളായി വാട്സ്ആപ്പിലാണ് പല വിദ്യാർഥികള്‍ക്കും രേഖകള്‍ കിട്ടിയത്. പകരമായി പണം കൊടുത്തത് സ്വകാര്യ അക്കൗണ്ടുകളിലേക്കും. 2022ലെ ഭേദഗതി പ്രകാരം, പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് അന്താരാഷ്‌ട്ര വിദ്യാർഥികൾക്ക് തൊഴില്‍ വിസ നേടാനാകില്ല. ഇതിനെ മറികടന്നാണ് തട്ടിപ്പ് നടക്കുന്നത്.

ചില ഇന്ത്യന്‍ സംഘടനകള്‍ യുകെ നാഷണല്‍ ക്രെെം ഏജന്‍സിക്ക് മുന്നില്‍ പരാതി എത്തിച്ചിട്ടുണ്ട്.  2020 ജൂണിൽ 12,300 പേരുടെ കുടിയേറ്റമുണ്ടായ മേഖലയില്‍, 2023 ജൂണാകുമ്പോഴേക്കും വിസ അപേക്ഷകരുടെ എണ്ണം, 77,700 ലേക്ക് ഉയർന്നതായാണ് ഔദ്യോഗിക കണക്ക്. നഴ്സ്, കെയറർ, പാരാമെഡിക്കല്‍ വിഭാഗങ്ങള്‍ എന്നിവയില്‍ 2022-ൽ 1,65,000 തസ്തികകളുടെ റെക്കോർഡ് ഒഴിവാണുണ്ടായിരുന്നത്. ഇതോടെ, വിദേശ അപേക്ഷകർക്കും അവസരം നല്‍കി യുകെ സർക്കാർ റിക്രൂട്ട്മെന്‍റ് വിപുലപ്പെടുത്തുകയും ചെയ്തു. ഇത് മുതലെടുത്താണ് തട്ടിപ്പുസംഘങ്ങള്‍ മുളച്ചുപൊന്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com