ബീക്കണ്‍ ലൈറ്റ് വിവാദത്തിന് പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥയുടെ നിയമനവും കുരുക്കില്‍

പ്രൊബേഷനിലിരിക്കെ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിന് പൂണെയില്‍ നിന്നും പൂജയെ വാഷിം ജില്ലയിലെ സൂപ്പര്‍ന്യൂമററി കലക്ടറായി സ്ഥലം മാറ്റിയിരിക്കുകയാണ്
പൂജ ഖേഡ്ക്കര്‍
പൂജ ഖേഡ്ക്കര്‍
Published on

സ്വകാര്യ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് സ്ഥാപിച്ചതിന് സ്ഥലം മാറ്റം ലഭിച്ച, പൂനെയില്‍ പ്രൊബേഷനിലിരുന്ന ഐഎഎസ് ഓഫീസര്‍ ഡോ. പൂജ ഖേഡ്ക്കര്‍ കാഴ്ചാ-മാനസിക പരിമിതികളുള്ള ആളാണെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നതായി റിപ്പോർട്ട്. ഇതിനു ലഭിച്ച ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് പൂജ ഐഎഎസ് നേടിയത്. പരിമിതികള്‍ തെളിയിക്കാന്‍ ആറ് വട്ടം മെഡിക്കല്‍ പരിശോധന ആവശ്യപ്പെട്ടെങ്കിലും പൂജാ ഖേഡ്ക്കര്‍ വിസമ്മതിക്കുകയായിരുന്നു. പരിശോധനയ്ക്ക് തയ്യാറാകാതിരുന്ന പൂജയ്ക്ക് എങ്ങനെ നിയമനം ലഭിച്ചുവെന്ന് വ്യക്തമല്ല.

പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ആദ്യ പരിശോധന തീരുമാനിച്ചിരുന്നത് 2022 ഏപ്രിലില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ‌്യൂട്ടില്‍ വെച്ചാണ്. എന്നാല്‍, കൊവിഡ് ബാധിതയാണെന്ന് കാണിച്ച് പൂജ പരിശോധനയില്‍ നിന്നും ഒഴിവായി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും സമാനമായ രീതിയില്‍ പരിശോധനകളില്‍ നിന്നും പൂജ മാറിനിന്നിരുന്നു. സെപ്റ്റംബറില്‍ നടന്ന പരിശോധനയില്‍ പങ്കെടുത്തെങ്കിലും, കാഴ്ചാ പരിമിതി കണ്ടെത്താനുള്ള ടെസ്റ്റില്‍ നിന്നും വിട്ടുനിന്നു.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പൂജയുടെ സെലക്ഷനെ എതിർത്തിരുന്നു. 2023 ഫെബ്രുവരിയില്‍ ഒരു ട്രിബ്യൂണല്‍ പൂജയ്‌ക്കെതിരെ വിധി പറയുകയും ചെയ്തു. എന്നാല്‍, ഇതൊന്നും പൂജ ഖേഡ്ക്കറുടെ സിവില്‍ സര്‍വീസ് നിയമനത്തെ ബാധിച്ചില്ല. യുപിഎസ്‌സി റാങ്ക് ലിസ്റ്റില്‍ 841-ാം റാങ്കാണ് പൂജയ്ക്ക് ലഭിച്ചിരുന്നത്. സിവില്‍ സര്‍വീസ് പോലുള്ള മത്സര പരീക്ഷയില്‍ താരതമ്യേന താഴ്ന്ന റാങ്കാണിത്.

ഒബിസി വിഭാഗത്തില്‍പ്പെടുന്ന ആളാണെന്ന പൂജയുടെ വാദവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പ്രൊബേഷനിലിരിക്കെ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിന് പൂനെയില്‍ നിന്നും പൂജയെ വാഷിം ജില്ലയിലെ സൂപ്പര്‍ ന്യൂമററി കളക്ടറായി സ്ഥലം മാറ്റിയിരിക്കുകയാണ്. ബീക്കണ്‍ ലൈറ്റിന് പുറമെ പൂജ തന്‍റെ ഔഡി സെഡാൻ കാറില്‍ വിഐപി നമ്പര്‍ പ്ലേറ്റും, മഹാരാഷ്ട്ര സര്‍ക്കാര്‍ എന്ന സ്റ്റിക്കറും പതിപ്പിച്ചിരുന്നു. ഇതിന് പുറമെ പൂനെ അഡീഷണല്‍ കളക്ടര്‍ അജയ് മോറെയുടെ അഭാവത്തില്‍ ഓഫീസ് ഉപയോഗിച്ചുവെന്ന ആക്ഷേപവും പൂജയുടെ പേരിലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com