വിഴിഞ്ഞം പദ്ധതി: മുഖ്യമന്ത്രിയെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിൻ്റെ പുതിയ പരസ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പിണറായി വിജയന്റെ ചിത്രവും ഉൾപ്പെടുത്തിയാണ് പുതിയ പരസ്യം
വിഴിഞ്ഞം പദ്ധതി: മുഖ്യമന്ത്രിയെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിൻ്റെ പുതിയ പരസ്യം
Published on

വിഴിഞ്ഞം കമ്മീഷനിങ്ങിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കൂടി ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിന്റെ പുതിയ പരസ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പിണറായി വിജയന്റെ ചിത്രവും ഉൾപ്പെടുത്തിയാണ് വിഴിഞ്ഞം പദ്ധതിയുടെ കേന്ദ്ര സർക്കാരിൻ്റെ പുതിയ പരസ്യം. ആദ്യ പരസ്യത്തിൽ മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത് വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ പരസ്യം. ഇന്ത്യയുടെ മാരിടൈം കുതിപ്പിനും കേരളത്തിനെ ആഗോള മാരിടൈം മാപ്പിൽ ഉൾപ്പെടുത്തിയതിനും പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതാണ് പുതിയ പരസ്യം.

കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്. സൈനിക ഹെലികോപ്റ്ററില്‍ വിഴിഞ്ഞത്ത് എത്തിച്ചേർന്ന പ്രധാനമന്ത്രി തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. തുടർന്ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേക വേദിയിൽ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ വി.എൻ. വാസവൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, സജി ചെറിയാൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹിം, എം.വിൻസന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി എന്നിവരാണ് ചടങ്ങില്‍ സംസാരിച്ചത്. നരേന്ദ്ര മോദിക്കടക്കം 17 പേർക്കാണ് വേദിയിൽ ഇരിപ്പിടം ഒരുക്കിയിരുന്നത്. പ്രതിപക്ഷ നേതാവ് വി.‍ഡി. സതീശനും വേദിയിൽ ഇരിപ്പിടം അനുവദിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ നേതാവ് ചടങ്ങിൽ നിന്നും വിട്ടു നിന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com