
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ ട്രയൽ റൺ ഉദ്ഘാടനം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ സാൻഫെർണാണ്ടോ കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകും. ചടങ്ങിൽ കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടർ കരൺ അദാനിയും പങ്കെടുക്കും. ഔദ്യോഗിക ഉദ്ഘാടനത്തിനു ശേഷം ബാക്കി കണ്ടെയ്നറുകൾ ഇറക്കി ചരക്കുകപ്പൽ വൈകിട്ടോടെ മടങ്ങും.
അതേസമയം, ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിച്ചില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇത് പ്രതിഷേധാർഹമാണന്ന് യുഡിഎഫ് അറിയിച്ചിരുന്നെങ്കിലും ചടങ്ങ് ബഹിഷ്കരിക്കുകയില്ല. മുൻ തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിലിനും ക്ഷണമില്ല. എന്നാൽ പുനരധിവാസ പാക്കേജ് ഇടതുസർക്കാർ നടപ്പിലാക്കിയില്ലെന്ന് ആരോപിച്ച് ശശി തരൂർ എംപി ചടങ്ങ് ബഹിഷ്കരിക്കും. ഔദ്യോഗിക ക്ഷണമില്ലെന്ന് ചൂണ്ടിക്കാട്ടി ലത്തീൻ അതിരൂപത പ്രതിനിധികളും ചടങ്ങിലേക്ക് എത്തില്ല.
വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ തീരത്തണഞ്ഞ സാൻ ഫെർണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. ചെണ്ട കൊട്ടിയും ദേശീയ പതാക വീശിയുമാണ് പ്രദേശവാസികൾ കപ്പലിനെ വരവേറ്റത്. ഇന്നലെ രാവിലെ 7.30 ഓടെ തുറമുഖത്തിൻ്റെ ഓട്ടർ ഏരിയയിൽ നിന്നു പുറപ്പെട്ട ചരക്കുകപ്പൽ ടഗ് ബോട്ടുകൾക്കൊപ്പമാണ് കരയ്‌ക്കെത്തിയത്. സിയാമെൻ തുറമുഖത്തു നിന്ന് പുറപ്പെട്ട കപ്പൽ എട്ട് ദിവസം കൊണ്ടാണ് വിഴിഞ്ഞത്തേക്ക് എത്തിയത്.