വിഴിഞ്ഞം തുറമുഖം: ആദ്യ മദർ ഷിപ്പ് 'സാൻഫെർണാണ്ടോ' ഇന്ന് കരയ്ക്കടുക്കും

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ മദർഷിപ്പിന് സ്വീകരണം നൽകും
vizhi
vizhi
Published on

ട്രയൽ റണ്ണിനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. വിഴിഞ്ഞത്തെ ആദ്യ മദർ ഷിപ്പ് സാൻഫെർണാണ്ടോ ഇന്ത്യൻ പുറം കടലിലെത്തി.വിഴിഞ്ഞത് നിന്നും 25 നോട്ടിക്കൽ മൈൽ അകലെയാണ് മദർ ഷിപ്പ്. ഒൻപത് മണിയോടെ തുറമുഖത്ത് അടുപ്പിക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ മദർഷിപ്പിന് സ്വീകരണം നൽകും.ചടങ്ങിൽ കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടർ കരൺ അദാനിയും പങ്കെടുക്കും. വാട്ടർ സലൂട്ട് നൽകിയാവും സാൻ ഫെർണാണ്ടോയെ സ്വീകരിക്കുക. നാളെ നടക്കുന്ന ചടങ്ങിനു പിന്നാലെ സാൻഫെർണാണ്ടോ കൊളംബോയിലേക്കു മടങ്ങുമെന്നാണ് വിവരം.

ബെർത്തിങ് നടത്തുന്നതിനു പിന്നാലെ ചരക്കിറക്കൽ ജോലിക്ക് തുടക്കമാകും. 1500 മുതൽ 2000 വരെ കണ്ടെയ്നറുകളാകും കപ്പലിലുണ്ടാകുകയെന്നാണ് പ്രാഥമിക വിവരം. ഓട്ടമേറ്റഡ് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന എസ്ടിഎസ്, യാർഡ് ക്രെയിനുകളാണ് ചരക്കിറക്കാൻ ഉപയോഗിക്കുക. ട്രാൻഷിപ്മെൻ്റ് നടത്തുന്നതിനായി രണ്ടു കപ്പലുകളും വൈകാതെ തുറമുഖത്ത് എത്തുമെന്നാണ് വിവരം. ട്രയൽ റണ്ണിൻ്റെ ഭാഗമായി തുടർച്ചയായി സെപ്റ്റംബർ വരെ ചരക്കു കപ്പലുകൾ എത്തും.

കേരളത്തിൻ്റെ വികസന ചരിത്രത്തിൽ ഉജ്വല അധ്യായം തുന്നിച്ചേർത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ‍ർക്കാരും ജനങ്ങളും ഒരുമിച്ച് നിന്ന് യാഥാർത്ഥ്യമാക്കുന്ന സ്വപ്നമാണ്. തുറമുഖം സമയബന്ധിതമായി ഈ വിധത്തിൽ പൂർത്തിയാക്കാൻ പ്രത്യേക ശ്രദ്ധയും കരുതലുമാണ് 2016 മുതൽ സർക്കാർ കൈകൊണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു. പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കിയും പ്രതിമാസ അവലോകനങ്ങൾ നടത്തിയും ദൈനംദിന അവലോകനങ്ങൾക്ക് പ്രത്യേക മൊബൈൽ ആപ്പ് തന്നെ തയ്യാറാക്കിയുമാണ് നിർമ്മാണം മുന്നോട്ടുകൊണ്ടു പോയത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കി. പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കേണ്ട ഓരോ ഘടകത്തിന്റെയും സമയകൃത്യത ഉറപ്പാക്കി. സമയബന്ധിതമായി ഇത് പൂർത്തിയാക്കുന്നതിനായി അദാനി ഗ്രൂപ്പ് പ്രവർത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഈ തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്‌നർ ബിസിനസ്സിൻ്റെ കേന്ദ്രമായി കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളിൽ വലിയ വികസനത്തിനും അങ്ങനെ സംസ്ഥാനത്തിൻ്റെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം തുറമുഖം മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ഔദ്യോഗിക ക്ഷണം ലഭിക്കാത്തതിനാൽ വിഴിഞ്ഞത്തെ ട്രയൽ റൺ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ലത്തീൻ അതിരൂപത അറിയിച്ചു. നോട്ടീസിൽ പേര് ചേർത്തിരുന്നെങ്കിലും ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന് ആരോപിച്ചാണ് പിന്മാറ്റം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com