
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. ഗ്രാന്‍ഡ് ആയി നല്‍കേണ്ട തുക വായ്പയായി മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തതോടെയാണ് കരാറില്‍ കേരളം ഒപ്പുവെച്ചത്. കരാറിലൂടെ 817.80 കോടി രൂപ വിഴിഞ്ഞത്തിന് ലഭിക്കും.
ത്രികക്ഷി കരാറും കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള കരാറുമാണ് ഒപ്പുവെച്ചത്. ഒപ്പുവെക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ വിട്ടു നിന്നിരുന്നെങ്കിലും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ അടുത്ത ഘട്ടത്തേലിക്ക് കടക്കുന്നതിന് ഇത് അത്യാവശ്യമാണെന്നതിനാലാണ് സര്‍ക്കാര്‍ വഴങ്ങിയത്. ഇതുകൂടി കഴിഞ്ഞാല്‍ മാത്രമാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുക.
ഫണ്ട് വായ്പയായി സ്വീകരിച്ചുകൊണ്ടുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി പോര്‍ട്ടും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറിലാണ് 817.8 കോടി വായ്പയായി കേന്ദ്രം അനുവദിക്കുന്നത്.
ത്രികക്ഷി കരാറിലാണ് ആദ്യം ഒപ്പുവച്ചത്. തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറില്‍ തുറമുഖ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഒപ്പിട്ടു.
ആദ്യ നിര്‍മാണ കരാര്‍ പ്രകാരം തുറമുഖനിര്‍മാണം 2019ല്‍ പൂര്‍ത്തീകരിച്ച്, 2034 മുതല്‍ വരുമാനം നല്‍കി തുടങ്ങാമെന്നായിരുന്നു കരാര്‍. എന്നാല്‍ നിര്‍മാണം വൈകിയതോടെ തര്‍ക്കം ഉടലെടുത്തു. ഇതിനിടെ 2034ല്‍ തന്നെ വരുമാനം നല്‍കി തുടങ്ങാമെന്ന് അദാനി പോര്‍ട്ട് സമ്മതിച്ചിരുന്നു. നിലവില്‍ നാല് ഘട്ടങ്ങളുടെയും നിര്‍മാണം 2028ല്‍ പൂര്‍ത്തിയാകുന്നതോടെ ആകെ വരുമാനത്തിന്റെ വിഹിതമാകും ഇനി സംസ്ഥാനത്തിന് ലഭിച്ചു തുടങ്ങുക. 2034 മുതല്‍ കേന്ദ്ര സര്‍ക്കാരിന് ഈ വിഹിതത്തിന്റെ 20 ശതമാനം നല്‍കുകയും വേണം.
ഇതിനിടെ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ എംഎസ്‌സി തുര്‍ക്കി, വിഴിഞ്ഞത്തെത്തി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് വലിയ കപ്പല്‍ വിഴിഞ്ഞം തീരത്തെത്തുന്നത്. 4.30നാണ് കപ്പല്‍ വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്തത്. കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു.
വലിയ ആറ് കപ്പലുകളാണ് എംഎസ്‌സിക്ക് ഉള്ളത്. അതിലെ ഏറ്റവും വലിയ കപ്പലാണ് തീരത്തേക്കെത്തിയത്. 2000 ത്തോളം കണ്ടെയ്‌നറുകളായിരിക്കും ഇവിടെ കൈകാര്യം ചെയ്യുക. സിംഗപ്പൂരില്‍ നിന്നാണ് കപ്പല്‍ കേരളത്തിലേക്കെത്തുന്നത്. ഇവിടെ നിന്നും ഘാനയിലേക്കാണ് കപ്പല്‍ പോവുക.