"യാഥാർഥ്യം അടിസ്ഥാനമാക്കിയുള്ള എല്ലാ നിർദേശങ്ങളും സ്വാഗതാർഹം"; സമാധാന ചർച്ചകൾക്ക് പച്ചക്കൊടി കാട്ടി വ്ളാഡിമിർ പുടിൻ

യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന കാര്യത്തിൽ ബ്രിക്സ് അംഗങ്ങളിൽ നിന്ന് ഉൾപ്പെടെ പുടിന് നേരെ സമ്മർദമുണ്ടായിരുന്നു
"യാഥാർഥ്യം അടിസ്ഥാനമാക്കിയുള്ള എല്ലാ നിർദേശങ്ങളും സ്വാഗതാർഹം"; സമാധാന ചർച്ചകൾക്ക് പച്ചക്കൊടി കാട്ടി വ്ളാഡിമിർ പുടിൻ
Published on


പതിറ്റാണ്ടുകൾക്ക് ശേഷം റഷ്യ ലോക നേതാക്കളെ രാജ്യത്തേക്ക് സ്വീകരിക്കുന്ന കാഴ്ചക്കായിരുന്നു കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടി സാക്ഷിയായത്. റഷ്യ-യുക്രെയ്ൻ സംഘർഷം കനത്തതോടെ പാശ്ചാത്യ രാജ്യങ്ങളിൽ ഭൂരിഭാഗവും റഷ്യക്ക് വിലക്കു കൽപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശം സമാധാന ചർച്ചകളിലൂടെ അവസാനിപ്പിക്കണമെന്ന് തന്നെയായിരുന്നു ബ്രിക്സ് അംഗങ്ങളും രാജ്യത്തോട് നിർദേശിച്ചത്. യുഎൻ സെക്രട്ടറി അൻ്റോണിയോ ഗുട്ടെറസും ഉച്ചകോടിയിലെത്തി സംവദിച്ചിരുന്നു. സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന തരത്തിലുള്ള പ്രതികരണമായിരുന്നു റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്.

യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദേശത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് വ്ളാഡിമിർ പുടിൻ. ബ്രിക്സ് ഉച്ചകോടിയുടെ സമാപന ചടങ്ങിൽ സംസാരിക്കവെ ആയിരുന്നു ആതിഥേയനായ പുടിൻ്റെ പ്രസ്താവന. റഷ്യ-യുക്രെയ്ൻ സംഘർഷത്തിലെ ട്രംപിൻ്റെ പരാമർശങ്ങൾ സത്യസന്ധമാണെന്ന് പുടിൻ അഭിപ്രായപ്പെട്ടു.

യുക്രെയ്ന് അമേരിക്ക നൽകികൊണ്ടിരിക്കുന്ന സാമ്പത്തിക സഹായത്തെ പരാമർശിച്ചായിരുന്നു മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ട്രംപിൻ്റെ പ്രസ്താവന. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മണിക്കൂറുകൾക്കകം യുദ്ധം അവസാനിപ്പിക്കുമെന്നും ട്രംപ് ആഹ്വാനം ചെയ്തിരുന്നു. ഇത്തവണത്തെ അമേരിക്കൻ തെരഞ്ഞെടുപ്പ് റഷ്യ-യുക്രെയ്ൻ സംഘർഷത്തിൻ്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാവുമെന്ന് തന്നെയാണ് വിദഗ്ദരും വിശ്വസിക്കുന്നത്.

റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഈ ആഹ്വാനം ആത്മാർഥമാണെന്ന് കരുതെന്നതായി വ്ളാഡിമിർ പുടിൻ വ്യക്തമാക്കി. ഇത്തരം പ്രസ്താവനകൾ ആരിൽ നിന്നുണ്ടായാലും സ്വാഗതം ചെയ്യുകയാണെന്നും പുടിൻ വേദിയിൽ പറഞ്ഞു.

ഭൂരിഭാഗം പാശ്ചാത്യ രാജ്യങ്ങളും തനിക്ക് വിലക്ക് കൽപിച്ച സാഹചര്യത്തിൽ, ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് ലോക നേതാക്കൾ തനിക്കൊപ്പമുണ്ടെന്ന് കാണിക്കുക തന്നെയായിരുന്നു പുടിൻ്റെ ആത്യന്തിക ലക്ഷ്യം. ഇതിന് അനുകൂലമായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെ 36 രാജ്യങ്ങളുടെ നേതാക്കളും പ്രതിനിധികളും ത്രിദിന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തു.

യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന കാര്യത്തിൽ ബ്രിക്സ് അംഗങ്ങളിൽ നിന്ന് ഉൾപ്പെടെ പുടിന് നേരെ സമ്മർദമുണ്ടായിരുന്നു. യുക്രെയ്ൻ അധിനിവേശത്തിന് ശേഷം റഷ്യയുടെ നേർക്കുണ്ടായ വിലക്കുകളാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ആഹ്വാനങ്ങൾക്കുള്ള പ്രധാന കാരണം. ഇന്ത്യ യുദ്ധത്തെയല്ല, ചർച്ചകളെയും നയതന്ത്രത്തെയുമാണ് പിന്തുണക്കുന്നതെന്ന് പറഞ്ഞു കൊണ്ട് രാജ്യത്തിൻ്റെ നിലപാട് നരേന്ദ്ര മോദി ഉച്ചകോടിയിൽ വ്യക്തമാക്കിയിരുന്നു. എല്ലാ സംഘർഷങ്ങളും ചർച്ചയിലൂടെ പരിഹരിക്കാമെന്നായിരുന്നു പുടിന് മോദി നൽകിയ ഉപദേശം.

സമാധാന ചർച്ചകൾ പരിഗണിക്കാൻ റഷ്യ തയ്യാറാണെന്നും ഇതിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറായിട്ടുള്ള ബ്രിക്സ് നേതാക്കളെ സ്വാഗതം ചെയ്യുകയാണെന്നും പുടിൻ വ്യക്തമാക്കി. എന്നാൽ ഇത്തരം നിർദേശങ്ങൾ ഉയർത്തേണ്ടത് യാഥാർഥ്യങ്ങൾ പരിഗണിച്ച് കൊണ്ടായിരിക്കണം. യാഥാർഥ്യങ്ങളെ അടിസ്ഥാനമാക്കുന്ന സമാധാന ചർച്ചകളും, എല്ലാ നിർദേശങ്ങളും പരിശോധിക്കാൻ തയ്യാറാണെന്നും അല്ലാത്തവ തള്ളിക്കളയുമെന്നും റഷ്യ പറഞ്ഞു.

ഉത്തര കൊറിയ റഷ്യയിലേക്ക് സൈനികരെ അയച്ചെന്ന വാദത്തെ പുടിൻ പൂർണമായും തള്ളിയിട്ടില്ല. യുക്രെയ്നിൽ വിന്യസിക്കാനായി ഉത്തര കൊറിയ റഷ്യയിലേക്ക് 3000 സൈനികരെ അയച്ചെന്നായിരുന്നു അമേരിക്കയുടെ ആരോപണം. ഉത്തര കൊറിയൻ സൈനിക നീക്കങ്ങൾ വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളെ കുറിച്ചുള്ള റിപ്പോർട്ടറിൻ്റെ ചോദ്യത്തിന്, അവ ഗൗരവമുള്ള കാര്യമാണെന്നും തള്ളിക്കളയേണ്ടതില്ല എന്നുമായിരുന്നു പുടിൻ്റെ ഉത്തരം.

അതേസമയം, ബ്രിക്സ് ഉച്ചകോടിക്കിടെ യുഎൻ ജനറൽ സെക്രട്ടറി അൻ്റോണിയോ ഗുട്ടെറസ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ യുഎൻ സെക്രട്ടറി ഒരു കൊലപാതകിയുമായി ഹസ്തദാനം നടത്തിയെന്ന് റഷ്യൻ പ്രതിപക്ഷ നേതാവ് യൂലിയ നവൽനയ വിമർശിച്ചു. ഫെബ്രുവരിയിൽ റഷ്യൻ രാഷ്ട്രീയ തടവുകാരനായി മരിച്ച, റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ വിധവയാണ് നവൽനയ.

യുക്രെയ്നിലെ കുട്ടികളെ റഷ്യയിലേക്ക് തട്ടിക്കൊണ്ടുപോയതിൻ്റെ പേരിൽ 2023 മാർച്ചിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ശേഷം ഇതാദ്യമായാണ് ഗുട്ടെറസ് റഷ്യൻ നേതാവിനെ കാണുന്നത്. എന്നാൽ യുക്രെയ്നിൽ നടക്കാനിരിക്കുന്ന സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് റഷ്യയിൽ പങ്കെടുക്കാനെത്തിയ ഗുട്ടെറസിനെ യുക്രേനിയൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com