
ബ്രിക്സ് സഖ്യം പാശ്ചാത്യ വിരുദ്ധമല്ലെന്നും അതിൻ്റെ വലിപ്പവും വേഗത്തിലുള്ള വളർച്ചയും കാരണം വരും വർഷങ്ങളിൽ ആഗോള സാമ്പത്തിക വളർച്ചയുടെ ഭൂരിഭാഗവും അത് നയിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. അടുത്തയാഴ്ച നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുടിൻ.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയ്‌ക്കൊപ്പം ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നിവ ഉൾപ്പെടുന്ന ബ്രിക്‌സിനെ ആഗോള രാഷ്ട്രീയത്തിലും വ്യാപാരത്തിലും സുപ്രധാന ശക്തിയായി ഉയർത്താനാണ് പുടിൻ ലക്ഷ്യമിടുന്നത്. ഒക്ടോബർ 22 മുതൽ 24 വരെ കസാനിൽ വെച്ചാണ് ബ്രിക്സ് ഉച്ചകോടി നടക്കുക.
യുക്രെയ്ൻ സംഘർഷത്തെക്കുറിച്ച് പുടിൻ പ്രതികരിച്ചു. “സംഘർഷം സമാധാനപരമായി പരിഹരിക്കാൻ റഷ്യക്ക് താൽപ്പര്യമുണ്ട്. ചർച്ചകൾ അവസാനിപ്പിച്ചത് ഞങ്ങളല്ല, യുക്രേനിയൻ പക്ഷമാണ്," പുടിൻ പറഞ്ഞു.
തങ്ങളുടെ ചർച്ചകളിൽ പ്രധാനമന്ത്രി മോദി നിരന്തരം വിഷയം ഉന്നയിക്കാറുണ്ടെന്നും അദ്ദേഹത്തിൻ്റെ ആശങ്കകളെ റഷ്യ അഭിനന്ദിക്കുന്നുവെന്നും പുടിൻ പരാമർശിച്ചു. “പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമ്പോൾ, ഓരോ തവണയും അദ്ദേഹം ഇക്കാര്യം ഉന്നയിക്കുകയും തൻ്റെ പരിഗണനകൾ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. അതിന് ഞങ്ങൾ അദ്ദേഹത്തോട് നന്ദിയുള്ളവരാണ്,” പുടിൻ പറഞ്ഞു.