പിണറായി ഭാവിയില്‍ അറിയപ്പെടുന്നത് സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ 'രാഷ്ട്രീയ വഞ്ചക'നായി; വി.എം. സുധീരന്‍

മുഖ്യമന്ത്രി നിക്ഷിപ്ത താല്‍പര്യ സംരക്ഷണത്തിനായി തന്റെ ദൂതനായ എഡിജിപി വഴി ആര്‍എസ്എസ് നേതൃത്വത്തെ പലപ്പോഴായി ബന്ധപ്പെട്ടത് കൊടിയ രാഷ്ട്രീയ വഞ്ചനയാണെന്ന് സുധീരന്‍ വിമര്‍ശിച്ചു
പിണറായി ഭാവിയില്‍ അറിയപ്പെടുന്നത് സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ 'രാഷ്ട്രീയ വഞ്ചക'നായി; വി.എം. സുധീരന്‍
Published on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ആര്‍എസ്എസ് ദേശീയ നേതാക്കളുമായി എഡിജിപി അജിത്കുമാര്‍ ചര്‍ച്ച നടത്തിയ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടും മുഖ്യമന്ത്രി പിണറായി നിഷ്‌ക്രിയ നിലപാട് സ്വീകരിച്ചുവരുന്നത് ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയായതുകൊണ്ടാണെന്ന് വി.എം. സുധീരന്‍ ആരോപിച്ചു.


ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവരുന്നതായി പ്രഖ്യാപിച്ച സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി നിക്ഷിപ്ത താല്‍പര്യ സംരക്ഷണത്തിനായി തന്റെ ദൂതനായ എഡിജിപി വഴി ആര്‍എസ്എസ് നേതൃത്വത്തെ പലപ്പോഴായി ബന്ധപ്പെട്ടത് കൊടിയ രാഷ്ട്രീയ വഞ്ചനയാണെന്ന് സുധീരന്‍ വിമര്‍ശിച്ചു.

ഇതുവഴി സ്വന്തം പാര്‍ട്ടിയെയും അണികളെയും ജനാധിപത്യ-മതേതര വിശ്വാസികളായ ജനങ്ങളെയും നഗ്നമായി വഞ്ചിച്ച മുഖ്യമന്ത്രി പിണറായി ഭാവിയില്‍ അറിയപ്പെടുന്നത് സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ 'രാഷ്ട്രീയ വഞ്ചക'നായിട്ടായിരിക്കും.

ഭരണഘടനാ തത്വങ്ങളെയും സ്വന്തം പാര്‍ട്ടിയുടെ നയങ്ങളെയും രാജ്യത്തെ ജനങ്ങളെയും വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഇത്രമേല്‍ ആഴത്തില്‍ വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയന് നിയമപരമായും രാഷ്ട്രീയമായും ധാര്‍മികമായും അധികാരത്തില്‍ തുടരാനുള്ള അര്‍ഹത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. കുറച്ചെങ്കിലും രാഷ്ട്രീയ മര്യാദ അദ്ദേഹത്തില്‍ അവശേഷിക്കുന്നെങ്കില്‍ എത്രയും വേഗത്തില്‍ രാജിവെച്ച് ഒഴിയുകയാണ് വേണ്ടതെന്നും വി.എം. സുധീരന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ അടിസ്ഥാന നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവരുന്ന പിണറായിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും തള്ളിപ്പറയാനും വൈകുന്തോറും സിപിഎം ദേശീയ നേതൃത്വം ജനങ്ങളുടെ മുന്നില്‍ കൂടുതല്‍ പരിഹാസ്യരാകുന്ന സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com