സൗദിയിലെത്തി സെലന്‍സ്‌കി, മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച; യുഎസ്-യുക്രെയ്ന്‍ ഉന്നതതല ചര്‍ച്ച നാളെ

അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയുടെ നേതൃത്വത്തിലുള്ള യുഎസ് ഉദ്യോഗസ്ഥ സംഘമാണ് ചര്‍ച്ചയ്‌ക്കെത്തുന്നത്.
സൗദിയിലെത്തി സെലന്‍സ്‌കി, മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച; യുഎസ്-യുക്രെയ്ന്‍ ഉന്നതതല ചര്‍ച്ച നാളെ
Published on

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ജിദ്ദയിലെത്തി. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തുന്നതിനായാണ് സെലന്‍സ്‌കി സൗദി അറേബ്യയിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സെലന്‍സ്‌കിയും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിന് ശേഷം നാളെ അമേരിക്കന്‍-യുക്രെയ്ന്‍ ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് സെലന്‍സ്‌കിയുടെ സൗദി സന്ദര്‍ശനം.

യുക്രെയ്‌ന്റെയും യുഎസിന്റെയും ഉന്നത ഉദ്യോഗസ്ഥരാണ് കൂടിക്കാഴ്ച നടത്തുന്നത്. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയുടെ നേതൃത്വത്തിലുള്ള യുഎസ് ഉദ്യോഗസ്ഥ സംഘമാണ് ചര്‍ച്ചയ്‌ക്കെത്തുന്നത്. അതേസമയം ഉന്നത തല ചര്‍ച്ചകളില്‍ സൗദിയിലുള്ള സെലന്‍സ്‌കി പങ്കാളിയാകില്ല.

റഷ്യ യുക്രെയ്ന്‍ യുദ്ധത്തില്‍ നയതന്ത്ര ചര്‍ച്ചകളില്‍ സജീവമാണ് സൗദി അറേബ്യ. ചര്‍ച്ചകളെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. സൈനിക പിന്മാറ്റത്തിന് യുക്രെയ്ന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുമോ എന്നും ധാതു കരാറിന്റെ പുരോഗതിയുമാണ് ചര്‍ച്ചയാവുക.

ധാതു സമ്പത്തിന്റെ ഒരു ഭാഗം യുഎസുമായി പങ്കിടാനുള്ള നിര്‍ണായക കരാറില്‍ ഒപ്പുവെക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രംപ് സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് യുക്രെയ്ന്‍ കരാറിന് വഴങ്ങിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com