
റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയ്ന്‍റെ വിജയമുറപ്പിക്കാനുള്ള കർമ്മപദ്ധതി പൂർത്തിയായതായി പ്രസിഡന്‍റ് വൊളൊഡിമര്‍ സെലന്‍സ്കി. ഐക്യരാഷ്ട്ര സംഘടനായോഗത്തോട് അനുബന്ധിച്ച് അമേരിക്കയ്ക്ക് മുന്നില്‍ ഈ പദ്ധതി രേഖ അവതരിപ്പിക്കുമെന്നും സെലന്‍സ്കി അറിയിച്ചു. റഷ്യയുമായുള്ള യുദ്ധം വെടിനിർത്തലിലേക്ക് നീങ്ങുന്ന പക്ഷം യുക്രെയ്നിന് സ്വീകാര്യമായ നിബന്ധനങ്ങള്‍ അവതരിപ്പിക്കുന്ന പദ്ധതി രേഖയാണ് തയ്യാറാക്കിയിരിക്കുന്നത്.
യുദ്ധത്തില്‍ നിന്നുള്ള താത്കാലിക പിന്മാറ്റമല്ല, പൂർണമായ വെടിനിർത്തലാണ് യുക്രെയ്ന്‍റെ ആവശ്യമെന്ന് സെലന്‍സ്കി അറിയിച്ചു. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യുഎൻ സെക്യൂരിറ്റി കൗൺസില്‍, ജനറൽ അസംബ്ലി യോഗങ്ങളില്‍ വെച്ച് ഈ പദ്ധതിരേഖ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന് കൈമാറും.
2022 അവസാനത്തില്‍ സെലന്‍സ്കിയുടെ നേതൃത്വത്തില്‍ രൂപംകൊടുത്ത സമാധാനക്കരാർ വികസിപ്പിച്ചാണ് ഇപ്പോഴത്തെ പദ്ധതിരേഖ തയ്യാറാക്കിയിരിക്കുന്നത്. സോവിയറ്റ് യൂണിയന്‍റെ തകർച്ചയ്ക്ക് ശേഷം നിശ്ചയിക്കപ്പെട്ട അതിർത്തിരേഖകള്‍ പുനഃസ്ഥാപിക്കുക, യുക്രെയ്ന്‍ പ്രവിശ്യകളില്‍ നിന്ന് റഷ്യന്‍ സേനയെ പിന്‍വലിക്കുക, നീണ്ടകാല അധിനിവേശ നീക്കങ്ങളില്‍ റഷ്യയെ വിചാരണ ചെയ്യുക എന്നിങ്ങനെയായിരുന്നു ആ കരാറിലെ ആവശ്യങ്ങള്‍. ഈ നിബന്ധനകള്‍ അംഗീകരിക്കാതെ വെടിനിർത്തലിന് വഴങ്ങില്ലെന്നും സെലന്‍സ്കി അറിയിച്ചു.