
തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വി.എസ്. സുനില്‍കുമാര്‍. കെ. സുരേന്ദ്രന്‍ തന്റെ വീട് സന്ദര്‍ശിച്ചതും താന്‍ സുരേന്ദ്രന്റെ വീട് സന്ദര്‍ശിച്ചതും സൗഹൃദമാണ്. എന്നാല്‍ കെ. സുരേന്ദ്രന്‍ മേയറുടെ വീട്ടില്‍ പോയത് നിഷ്‌കളങ്കമായി കാണുന്നില്ല. വിഷയത്തില്‍ കൂടുതല്‍ വിവാദത്തിനില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. താന്‍ പറഞ്ഞത് വ്യക്തതയോടെയാണ്, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ക്രിസ്മസ് ദിനത്തില്‍ തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ വീട്ടിലെത്തി കേക്ക് നല്‍കിയതാണ് വിവാദങ്ങള്‍ക്ക് കാരണം. ഇതിന്റെ ചിത്രങ്ങള്‍ സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.
ഇതിനു പിന്നാലെ, മേയര്‍ക്കെതിരെ സുനില്‍ കുമാര്‍ രംഗത്തെത്തി. കേക്ക് വാങ്ങിയത് നിഷ്‌കളങ്കമായി ചെയ്തതായി കാണാന്‍ കഴിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് മേയര്‍ എന്നും സുനില്‍കുമാര്‍ ആരോപിച്ചു. പ്രത്യേക സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ മേയറായ ആളാണ് അദ്ദേഹം. സിപിഐ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. നിലവില്‍ മറ്റൊന്നും ചെയ്യാനില്ല. മറ്റാരും കേക്ക് വാങ്ങിയില്ലല്ലോ. ഇടതുപക്ഷ ചെലവില്‍ ഇത് അനുവദിക്കാന്‍ ആകില്ല', സുനില്‍കുമാര്‍ പറഞ്ഞു. മേയര്‍ക്ക് ചോറ് ഇവിടെയും കൂറ് അവിടെയും ആണെന്നും എല്‍ഡിഎഫ് ചെലവില്‍ അത് വേണ്ടെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ക്രിസ്മസ് ദിവസം തന്റെ വസതിയില്‍ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്‌നേഹത്തിന്റെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നായിരുന്നു മേയര്‍ എം.കെ. വര്‍ഗീസിന്റെ മറുപടി.