
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉയർന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന സർക്കാരിനെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡൻ്റ് വി.ടി ബൽറാം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം 'പിണറായി ഡാ.. സഖാവ് ഡാ.. ഇടതുപക്ഷം ഹൃദയപക്ഷം സ്ത്രീപക്ഷം...' എന്ന പോസ്റ്റാണ് ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. 'രഞ്ജിത്ത് സഖാവ് രാജി വച്ചതിന് ശേഷം ഇടാമെന്ന് വെച്ച് ഇരുന്നതാണ് ഈ ഫോട്ടോ. എത്രയാന്ന് വച്ചാ കാത്തിരിക്കുക, ഞാൻ ഇപ്പോഴേ ഇട്ടു'വെന്നുമാണ് പരിഹസിക്കുന്നത്.
2009-10 കാലഘട്ടത്തില്‍ 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. ഇതിനു പിന്നാലെ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ അപമര്യാദയായി പെരുമാറിയ ആളുടെ പേരടക്കം എടുത്തു പറഞ്ഞിട്ടും അവരെ സംരക്ഷിക്കുന്ന നിലാപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്തിനെ നീക്കാനാവില്ലെന്നും പരാതിക്കാരി കേസ് തന്നാൽ വേണ്ടപ്പെട്ട ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്നായിരുന്നു മന്ത്രി സജി ചെറിയാൻ്റെ പ്രതികരണം. രഞ്ജിത്തിനെ സംരക്ഷിച്ച മന്ത്രിയുടെ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ആരോപണം ഉന്നയിച്ച നടി പരാതി നല്‍കുകയോ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയോ ചെയ്യാതെ കേസെടുക്കില്ലെന്ന നിലപാടിലാണ് പൊലീസ്.