
വാളയാറിൽ ഒൻപതും പതിമൂന്നും വയസുള്ള സഹോദരിമാരെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിലെ കോടതി നടപടികൾ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതിയുടെ അനുമതി.
പാലക്കാട് പോക്സോ കേസുകൾക്കായുള്ള പ്രത്യേക കോടതിയിൽ നിന്ന് എറണാകുളം സിബിഐ കോടതിയിലേക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കേസിൻ്റെ വിചാരണ പോക്‌സോ കോടതിയിൽ നടന്നാൽ അത് സി.ബി.ഐക്ക് അനാവശ്യ ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും അതുവഴി നീതിന്യായം വൈകിപ്പിക്കുമെന്നും സി.ബി.ഐ വാദിച്ചു.
സിബിഐ അന്വേഷിച്ച കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ നിയുക്ത സിബിഐ കോടതിയിൽ മാത്രമേ കഴിയൂ. അതിനാൽ കേസ് എറണാകുളത്തെ സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. അതേസമയം, വാളയാർ പെൺകുട്ടികളുടെ കുടുംബം കോടതിയിൽ ഇതിനെ എതിർത്തിരുന്നു.
കേരളാ-തമിഴ്‌നാട് അതിര്‍ത്തിയായ വാളയാറില്‍ 2017 ജനുവരിയിലാണ് 13 വയസുള്ള പെൺകുട്ടിയെ ആദ്യം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയിൽ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായും കണ്ടെത്തിയിരുന്നു. ഒൻപതു വയുസകാരിയായ ഇളയകുട്ടിയെ മാർച്ച് നാലിനാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇളയ പെൺകുട്ടിയും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിയിട്ടുണ്ട് എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മാസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് പെൺകുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതോടെ ഇരുവരും ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാവാമെന്നും സംശയം ഉയർന്നു.
മൂത്തകുട്ടിയുടെ മരണം ക്രൈം നമ്പര്‍ 43/2017 പ്രകാരവും രണ്ടാമത്തെ പെണ്‍കുട്ടിയുടേത് ക്രൈം നമ്പര്‍ 240/2017 പ്രകാരവുമായിരുന്നു വാളയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.