ഏതു നിമിഷവും തകർന്നുവീഴാവുന്ന ഭിത്തികൾ, വൃത്തിയില്ലാത്ത ശുചിമുറികൾ; പത്തനംതിട്ട ജനറൽ ആശുപത്രി താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ആവശ്യം

ഏതു നിമിഷവും തകർന്നുവീഴാവുന്ന ഭിത്തികൾ, വൃത്തിയില്ലാത്ത ശുചിമുറികൾ; പത്തനംതിട്ട ജനറൽ ആശുപത്രി താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ആവശ്യം

മോർച്ചറിക്ക് മുന്നിലൂടെ ചുറ്റി സഞ്ചരിച്ച് വേണം ഡോക്ടർമാരുടെ മുറികളിലേക്ക് എത്താൻ. മഴ പെയ്താൽ ചളി നിറയുന്ന വഴി, മഴയിൽ നിന്ന് രക്ഷ നൽകാൻ മേൽക്കൂര ഇല്ലാത്ത അവസ്ഥ.. അത്യാഹിത വിഭാഹത്തിലേക്ക് രോഗികളെ എത്തിക്കണമെങ്കിൽ സ്ട്രെച്ചർ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ.
Published on

പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പ്രവർത്തനം താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റണമെന്ന KGMOAയുടെയും KGNAയുടെയും നിവേദനത്തോട് അധികൃതർ പ്രതികരിക്കുന്നില്ലെന്ന് പരാതി. പുതിയ ആശുപത്രിയുടെ നിർമാണം നിലവിലെ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു എന്ന് കാട്ടിയാണ് സംഘടനകൾ അധികാരികൾക്ക് നിവേദനം നൽകിയത്. നിലവിലെ കെട്ടിടത്തിന്റെ ജീർണാവസ്ഥയും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

30 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് പത്തനംതിട്ട ജനറൽ ആശുപത്രി നിലവിൽ പ്രവർത്തിക്കുന്നത് . കെട്ടിടത്തിന്റെ ശോച്യാവസ്ഥ പ്രദേശവാസികളിൽ ആശങ്ക ഉയർത്തുകയാണ്. ഏത് നിമിഷവും തകർന്ന് വീഴുമെന്ന് തോന്നിപ്പിക്കുന്ന ഈർപ്പം തട്ടിയ ഭിത്തിയാണ് ഒരു വശത്ത്. ബി ആൻഡ് സി എന്ന് പേരിട്ടിരിക്കുന്ന ഈ കെട്ടടത്തിലാണ് ഗൈനക്കോളജി വിഭാഗവും ലേബർ റൂമും കാർഡിയോളജിയും ഓപ്പറേഷൻ തിയറ്ററും ഐസിയുവും എല്ലാം പ്രവർത്തിക്കുന്നത്.

ജില്ലയിലെ പ്രധാന ബ്ലഡ് ബാങ്ക്, താഴത്തെ നിലയിൽ കുട്ടികളുടെ വാർഡ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും മെഡിസിൻ വാർഡ്, പോസ്റ്റ് ഓപ്പറേറ്റിവ് വാർഡ്, സർജിക്കൽ വാർഡ് ഇത്രയധികം വിഭാ​ഗങ്ങളും ഈ കെട്ടിടത്തിലുണ്ട്. ഈ ശോച്യാവസ്ഥ മനസ്സിലാക്കിയാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ രോഗികളെ വലയ്ക്കുകയാണ്.

Also Read ; ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പ് വിജ്ഞാപനത്തിനൊപ്പം വിശദമായ പദ്ധതിരേഖയും പുറത്തിറക്കും

മോർച്ചറിക്ക് മുന്നിലൂടെ ചുറ്റി സഞ്ചരിച്ച് വേണം ഡോക്ടർമാരുടെ മുറികളിലേക്ക് എത്താൻ. മഴ പെയ്താൽ ചളി നിറയുന്ന വഴി, മഴയിൽ നിന്ന് രക്ഷ നൽകാൻ മേൽക്കൂര ഇല്ലാത്ത അവസ്ഥ.. അത്യാഹിത വിഭാഹത്തിലേക്ക് രോഗികളെ എത്തിക്കണമെങ്കിൽ സ്ട്രെച്ചർ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ. ഒ പിയിൽ വൃത്തിയില്ലാത്ത ശൗചാലയങ്ങളുമെല്ലാം രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. താത്കാലികമായി തുറന്ന് കൊടുത്ത ശുചിമുറിയാകട്ടെ മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും കേന്ദ്രമാണ്.

വൃത്തിയുള്ള ഭേദപ്പെട്ട അന്തരീക്ഷത്തിലേക്ക് ആശുപത്രിയുടെ പ്രവർത്തനം താത്‌കാലികമായെങ്കിലും മാറ്റണമെന്ന ആവശ്യമാണ് എല്ലാ കോണുകളിൽ നിന്നും ഉയരുന്നത്. പുതിയ കെട്ടിടം പണിയുമ്പോൾ, നിലവിലെ ആശുപത്രിയുടെ പ്രവർത്തനം താത്‌കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയ ഉദാഹരണങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് സംഘടനകൾ നിവേദനം നൽകിയത്. കത്ത് നൽകി മാസങ്ങളായിട്ടും അനുകൂലമായ തീരുമാനം അധികൃതരുടെ ഭാഗത്ത് നിന്ന് ഇനിയും ഉണ്ടായിട്ടില്ല.


News Malayalam 24x7
newsmalayalam.com