
ബേപ്പൂര്‍ തീരത്തിന് സമീപത്ത് അപകടത്തില്‍പ്പെട്ട കപ്പലിലെ തീയണയ്ക്കാനായില്ല. കോസ്റ്റ്ഗാര്‍ഡും നാവിക സേനയും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കനത്ത പുകയും പൊട്ടിത്തെറികളുമാണ് വെല്ലുവിളിയാകുന്നത്. കപ്പല്‍ 15 ഡിഗ്രിയോളം ചരിഞ്ഞ നിലയിലാണ് ഇപ്പോള്‍. കപ്പലിലെ 157 കണ്ടെയ്‌നറുകളില്‍ അതീവ അപകടകരമായ വസ്തുക്കളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കപ്പലിന്റെ നടുഭാഗത്ത് നിന്നും ബേയിലേക്ക് തീപടരുകയാണ്. തീരദേശ സുരക്ഷാ സേനയുടെ ഡ്രോണിയര്‍ വിമാനവും, ഐഎന്‍എസ് സത്ലജ് സമര്‍ഥ് കപ്പലുകളുമുപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കപ്പലില്‍ നിന്നും കനത്ത പുക ഉയരുന്നതും, ഇടക്കിടെയുണ്ടാകുന്ന പൊട്ടിത്തെറിയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കപ്പല്‍ നിലവില്‍ 15 ഡിഗ്രിയോളം ചരിഞ്ഞ നിലയിലാണെന്നും, കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ടെന്നും കോസ്റ്റ് ഗാഡ് അറിയിച്ചു.
കപ്പലിലെ 157 കണ്ടെയ്‌നറുകളില്‍ അതീവ അപകടകരമായ വസ്തുക്കളാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. വസ്തുക്കളുടെ കാര്‍ഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടുണ്ട്. തീപിടിക്കുന്നതും, വെള്ളവുമായി കലര്‍ന്നാല്‍ അപകടരമാകുന്നതുമായ രാസവസ്തുക്കളാണ് കണ്ടെയ്‌നറുകളിലുള്ളത്. പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും കടുത്ത ആഘാതമേല്‍പ്പിക്കുന്നവയടക്കം ഇതിലുണ്ട്. ട്രൈക്ലോറോബെന്‍സിന്‍, ട്രൈഈഥൈലിന്‍ ടെട്രാമൈന്‍, ഡയാസിറ്റോണ്‍ ആല്‍ക്കഹോള്‍, ബെന്‍സോഫീനോണ്‍, നൈട്രോസെല്ലുലോസ്, തീപിടിക്കുന്ന റെസിന്‍, കീടനാശിനികള്‍, പെയിന്റ് തുടങ്ങിയ വസ്തുക്കള്‍ ടണ്‍ കണക്കിനാണ് കണ്ടെയ്‌നറുകളില്‍ ഉള്ളതെന്നാണ് വിവരം. സേനകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുവെന്നും, കടലില്‍ വീണ കണ്ടെയ്‌നറുകള്‍ ഉള്‍പ്പടെ സുരക്ഷിതമാക്കേണ്ടതുണ്ടെന്നും, നിലവില്‍ സ്ഥിഗതികള്‍ നിയന്ത്രണവിധേയമെന്നും ഇന്ത്യന്‍ നാവിക സേന പി ആര്‍ ഓ അതുല്‍ പിള്ള വ്യക്തമാക്കി.
അതേസമയം, അപകടത്തില്‍പ്പെട്ട കപ്പലിന്റെ ഉടമസ്ഥര്‍ ഇന്ന് അപകടസ്ഥലത്തെത്തുമെന്ന് സിംഗപ്പൂര്‍ മാരിടൈം പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. തീ കെടുത്താനുള്ള ഇന്ത്യന്‍ നാവിക സേനയുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സിംഗപ്പൂര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കപ്പലില്‍ നിന്നും രക്ഷപ്പെടുത്തിയ 18 ക്രൂ അംഗങ്ങളെ ഇന്നലെ രാത്രിയോടെ മംഗലാപുരത്ത് എത്തിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ചൈന സ്വദേശിയായ ലു യാന്‍ലി, ഇന്തോനേഷ്യന്‍ സ്വദേശിയായ സൊനിറ്റൂര്‍ ഹെയ്‌നി എന്നിവര്‍ക്കാണ് ഗുരുതര പൊള്ളലേറ്റത്. ലു യാന്‍ലിക്ക് 40 ശതമാനത്തിലേറെയും ഹെയ്‌നിക്ക് 35 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.
കണ്ടെയ്‌നറില്‍ ഉണ്ടായിരുന്ന രാസ വസ്തുവില്‍ നിന്നുള്‍പ്പെടെ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെങ്കിലും ഇവര്‍ വെള്ളം കുടിക്കുകയും സംസാരിക്കുകയും ചെയ്തെന്നും ഒരാഴ്ചയോളം നിരീക്ഷണം തുടരുമെന്നും ഡോക്ടര്‍ ദിനേശ് കദം പറഞ്ഞു.
തീപിടുത്തത്തില്‍ പരിക്കേറ്റ ബര്‍മ, ചൈന, ഇന്തോനേഷ്യ സ്വദേശികളെ ചികിത്സയ്ക്ക് ശേഷം മംഗലാപുരം തുറമുഖത്തിന് സമീപത്തെ ഹോട്ടലിലേക്ക് മാറ്റി. മറൈന്‍ അധികൃതര്‍ ഇവരുടെ മൊഴി രേഖപ്പെടുത്തി. നിയമപ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കമ്പനി അധികൃതര്‍ക്ക് കൈമാറാനാണ് തീരുമാനം.